ഭോപ്പാൽ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച ഭാര്യ മരിച്ചു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ശനിയാഴ്ച്ചയാണ് ഉന്തുവണ്ടിയിൽ പച്ചക്കറി വിൽപന നടത്തുന്ന പവൻകുമാറിന്‍റെ ഭാര്യയുടെ ആരോഗ്യ നില വഷളാകുന്നത്.
എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം അയൽവാസികളുടെ വാതിലുകൾ സഹായത്തിനായി മുട്ടിയെങ്കിലും ആരും ആംബുലൻസ് വിളിച്ചു നൽകിയില്ല. ഗത്യന്തരമില്ലാതെ പച്ചക്കറി വിൽക്കാനുപയോഗിക്കുന്ന ഉന്തുവണ്ടിയിൽ ഭാര്യയെ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പക്ഷെ യാത്രാമധ്യേ ഭാര്യ മരണമടഞ്ഞു.
ഉത്തർപ്രദേശ് സ്വദേശിയായ പവൻ കുമാർ മധ്യപ്രദേശിൽ സ്ഥിരതാമസമാക്കിയിട്ട് 12 വർഷത്തോളമായി. ഭാര്യ ദീർഘകാലമായി അസുഖബാധിതയായിരുന്നു.കുടുംബത്തിന്‍റെ ചെറിയ സമ്പാദ്യം മുഴുവനും ചികിത്സക്കായി ഉപയോഗിച്ചു.
പണം കൊടുത്ത് വാഹനസൗകര്യം ഏർപ്പാടാക്കാനുള്ള സാമ്പത്തിക സ്ഥിതിയും അടിയന്തര ഘട്ടങ്ങളിൽ എന്ത് ചെയ്യണം എന്നതിനെ പറ്റിയുള്ള അറിവും അവസരങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല.
ദമ്പതികൾക്ക് ആംബുലൻസ് ലഭിക്കാത്ത സാഹചര്യത്തെ പറ്റി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.