മാർക്ക് ടുള്ളി
ന്യൂഡൽഹി: കൊൽക്കത്തയിൽ ജനിച്ച്, കൗമാരം വരെ ബ്രിട്ടനിൽ ജീവിച്ച് തിരിച്ചുവന്ന് ഇന്ത്യയുടെ സ്പന്ദനങ്ങൾ എഴുതിയും പറഞ്ഞും പ്രശസ്തനായ മാധ്യമപ്രവർത്തകനായിരുന്നു ഞായറാഴ്ച ഡൽഹിയിൽ അന്തരിച്ച മാർക് ടുള്ളി. 1935ൽ ടോളിഗഞ്ചിൽ ബ്രിട്ടീഷ് മാതാപിതാക്കളുടെ മകനായി ജനിച്ച മാർക്കിന് തദ്ദേശീയരുമായി ഇടപഴകാൻ അനുവാദമുണ്ടായിരുന്നില്ല. പിന്നീട് ജീവിതകാലം മുഴുവൻ ഇന്ത്യക്കാരുമായി ഇടപെട്ട് കർമപഥമേറിയത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം. രാജ്യത്തെ ശ്രദ്ധേയമായ പല സംഭവങ്ങളിലും സാക്ഷിയായി മാർക് ടുള്ളിയുണ്ടായിരുന്നു. ബ്രിട്ടൻ നൈറ്റ്പദവി നൽകിപ്പോഴും ആ നാടിനെ ദയനീയമായ സ്ഥലമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയെപ്പോലെ തെളിച്ചമുള്ള ആകാശം ബ്രിട്ടനിലില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
പുരോഹിതനാകാനാണ് ആദ്യം ടുള്ളി പഠിച്ചത്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലെ ദൈവശാസ്ത്ര കോഴ്സിന് ശേഷം ലിങ്കൺ തിയോളജിക്കൽ കോളജിൽ ചേർന്നു. എന്നാൽ, വിധി അദ്ദേഹത്തിന് നൽകിയത് മറ്റ് മേഖലകളായിരുന്നു. സെമിനാരിയുടെ അച്ചടക്കം ഇഷ്ടപ്പെടാത്തതിനാൽ പുരോഹിതനാകാനുള്ള പഠനം പാതിവഴിയിൽ നിർത്തുകയായിരുന്നു. 1964ൽ ബി.ബി.സി ഡൽഹിയിലേക്ക് ലേഖകനായി ടുള്ളിയെ അയച്ചതോടെയാണ് സംഭവബഹുലമായി പത്രപ്രവർത്തക കരിയറിന് തുടക്കമായത്. ഫ്രഞ്ച് ഡോക്യുമെന്ററിയായ ‘ഫാന്റം ഇന്ത്യ‘ സംപ്രേഷണം ചെയ്തതിന് ശേഷം ഇന്ത്യ സർക്കാർ വിലക്കിയതിനെത്തുടർന്ന് 69ൽ ടുള്ളിയെ ലണ്ടനിലേക്ക് തിരിച്ചയച്ചു.
71ൽ തിരിച്ചെത്തിയ ശേഷമാണ് ബ്യൂറോയുടെ തലവനായി നിയമിതനായത്. ദക്ഷിണേഷ്യൻ മേഖലയുടെ മൊത്തം ചുമതലയുമുണ്ടായിരുന്നു. ബി.ബി.സി റേഡിയോയിലും പ്രവർത്തിച്ചു. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, സുൽഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷ, ഓപറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാഗാന്ധിയുടെ വധം, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധിയുടെ വധം, ബാബരി മസ്ജിദ് തകർക്കൽ എന്നിവയടക്കം റിപ്പോർട്ട് ചെയ്തു. 1975ൽ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുത്തതിന് രണ്ടുവർഷം ജോലിയിൽ വിലക്കും വന്നു.
ഓപറേഷൻ ബ്ലൂ സ്റ്റാറും പഞ്ചാബ് പ്രശ്നവും ആയിരുന്നു ടുള്ളിയുടെ ആദ്യ പുസ്തകമായ ‘അമൃത്സർ: മിസിസ് ഗാന്ധിയുടെ അവസാന യുദ്ധ‘ത്തിന്റെ വിഷയം. പത്രപ്രവർത്തകനും സുഹൃത്തുമായ സതീഷ് ജേക്കബുമായി ചേർന്നാണ് ഈ പുസ്തകം എഴുതിയത്. ബി.ബി.സി അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 94ൽ സ്ഥാപനം വിടുന്നത്. ബി.സി.സിക്ക് ഇന്ത്യയിൽ വിലാസമുണ്ടാക്കി കൊടുത്ത പത്രപ്രവർത്തകനെയാണ് മാനേജ്മെന്റ് പുകച്ച് ചാടിച്ചതെന്ന് വിമർശനമുയർന്നിരുന്നു. ജോൺ ബർട്ടിന്റെ കീഴിൽ ബി.ബി.സി ജീവനക്കാർ ഭയത്തിലാണെന്നായിരുന്നു അന്ന് ടുള്ളിയുടെ പ്രതികരണം. അതേസമയം, ബി.ബി.സി 4ൽ ആത്മീയതയെക്കുറിച്ചുള്ള പരിപാടിയായ ‘സംതിങ് അണ്ടർസ്റ്റുഡ്’ അവതാരകനായി ഏറെക്കാലം അദ്ദേഹം തുടർന്നു. ഫ്രീലാൻസ് പത്രപ്രവർത്തകനായും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ സ്പന്ദനങ്ങളുടെ സൂക്ഷ്മ നിരീക്ഷകനായും ടുള്ളി പിന്നീട് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.