ന്യൂഡൽഹി: വികസിത ഭാരതത്തിന് സ്ത്രീ ശക്തി നിർണായക പങ്കുവഹിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 77ാമത് റിപ്പബ്ലിക് ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്ന ‘നാരീ ശക്തി വന്ദൻ അധിനിയം’ സ്ത്രീ നേതൃത്വത്തിലുള്ള വികസനം എന്ന സങ്കൽപത്തിന് കൂടുതൽ ശക്തി പകരും. സ്ത്രീകളുടെ സംഭാവന ഉയരുന്നതോടെ, ലിംഗസമത്വത്തിൽ അധിഷ്ഠിതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കിന്റെ ഉദാഹരണമായി നമ്മുടെ രാജ്യം മാറും.
സർദാർ വല്ലഭ്ഭായി പട്ടേലിനെയും രാഷ്ട്രപതി പുകഴ്ത്തി. നമ്മുടെ രാജ്യത്തെ അദ്ദേഹം ഐക്യപ്പെടുത്തിയെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 31ന് രാജ്യം അദ്ദേഹത്തിന്റെ 150ാം ജന്മദിനം ആഘോഷിച്ചു. ജനങ്ങളിൽ ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും വികാരം ശക്തിപ്പെടുത്താൻ ഈ ആഘോഷങ്ങൾ ഇടയാക്കി.
വടക്ക് മുതൽ തെക്കുവരെ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ നമ്മുടെ പൗരാണിക സാംസ്കാരിക ഐക്യത്തിന്റെ നൂലിഴകൾ നെയ്തത് പൂർവികരാണ്. ഏകതയുടെ ഈ സന്ദേശം പ്രോത്സാഹിപ്പിക്കാനുള്ള ഏത് ശ്രമവും അഭിനന്ദനീയമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.