ഇലോണ്‍ മസ്കിന്‍റെ പേരിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; യുവതിക്ക് നഷ്ടമായത് 17 ലക്ഷം രൂപ

മുംബൈ: ആഗോള സമ്പന്നനായ ഇലോൺ മസ്കിൽ നിന്ന് ഒരു വിവാഹാലോചന വന്നപ്പോൾ അവർ കരുതിയില്ല അത് തനിക്കിട്ട് കിട്ടിയ പണിയാണെന്ന്. വിവാഹം കഴിക്കാമെന്നും യു.എസിൽ കൊണ്ടു പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ വാഗ്ദാനത്തിൽ മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്ക് നഷ്ടമായത് 17 ലക്ഷം രൂപയാണ്. പണം നഷ്‍ടപ്പെട്ടപ്പോഴാണ് ഇലോൺ മസ്കിന്‍റെ പേരിൽ തന്നെ മറ്റാരോ ചതിക്കുകയായിരുന്നുവെന്ന് യുവതി മനസ്സിലാക്കുന്നത്.

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് യുവതി ഇലോൺ മസ്കിന്‍റെ പേരിലുള്ള അക്കൗണ്ടുമായി ചാറ്റ് തുടങ്ങുന്നത്. കുറച്ചു നാൾ ചാറ്റ് ചെയ്ത ശേഷം യുവതിയെ യു.എസിൽ കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുകാരൻ വിസ ശരിയാക്കുന്നതിന് ജോസഫ് എന്നയാൾ ഫോണിൽ വിളിക്കുമെന്ന് യുവതിയെ ധരിപ്പിച്ചു.

ഒരു ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയോട് ഇയാൾ ഫോണിൽ ബന്ധപ്പെട്ട് വിസ പ്രൊസസിങ് ഫീസ് ആവശ്യപ്പെട്ടു. ഒപ്പം വിസ നടപടി ക്രമങ്ങൾ എളുപ്പമാക്കുമെന്ന് ധരിപ്പിച്ച് നിരവധി ആമസോൺ ക്രെഡിറ്റ് കാർഡുകളുടെ കോഡും യുവതിയിൽ നിന്ന് സ്വന്തമാക്കി. ഇങ്ങനെ 16.34 ലക്ഷം രൂപയാണ് യുവതിക്ക് തന്‍റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്.

ജനുവരി 15ന് യു.എസിലേക്കുള്ള ടിക്കറ്റിനായി 15 ലക്ഷം കൂടി ചോദിച്ചതോടെ യുവതിക്ക് സംശയം തോന്നുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

Tags:    
News Summary - Cheated by promising marriage in the name of Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.