യോഗി ആദിത്യനാഥ്

രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കോൺഗ്രസെന്ന് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ കോൺഗ്രസ് സർക്കാറുകളാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് സർക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജസ്ഥാനിലെ ടിജാരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലേത് ഹിന്ദു വിരുദ്ധ സർക്കാറാണ്. പശുക്കടത്തുകാരേയും ക്രിമിനലുകളേയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംരക്ഷിക്കുകയാണ്. കശ്മീരിലെ തീവ്രവാദം മുതൽ ആർട്ടിക്കൾ 370ന്റെ റദ്ദാക്കൽ, അയോധ്യയിലെ രാമക്ഷേത്രം തുടങ്ങി കോൺഗ്രസ് സൃഷ്ടിച്ച പ്രശ്നങ്ങളെല്ലാം തങ്ങൾ പരിഹരിക്കുകയാണെന്നും യോഗി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന ദൗത്യമാണ് സർദാർ വല്ലഭായ് പട്ടേലിന് നിർവഹിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ, ജവഹർലാൽ നെഹ്റു പല പ്രശ്നങ്ങളും സൃഷ്ടിച്ചു. കോൺഗ്രസിന് രാമക്ഷേത്ര തർക്കം പരിഹരിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ ഡബിൾ എൻജിനുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലേക്ക് എത്തിയപ്പോൾ പ്രശ്നം പരിഹരിച്ചു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണമുള്ള ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാറുകൾ ജനക്ഷേമ നയങ്ങൾ നടപ്പിലാക്കുകയും വികസനത്തിനായി നിലകൊള്ളുകയും ചെയ്തു. യു.പിയേയും രാജസ്ഥാനേയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ 250 മില്യൺ ജനസംഖ്യയുണ്ടെങ്കിലും വീടുകൾ, ടോയ്ലെറ്റ്, ഗ്യാസ് സിലിണ്ടർ തുടങ്ങിയ സൗകര്യങ്ങളെല്ലാം അവർക്ക് ഒരുക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അതേസമയം, രാജസ്ഥാൻ സർക്കാർ ഇക്കാര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Tags:    
News Summary - Yogi Adityanath says that Congress is the cause of all the problems in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.