ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ആം ആദ്മി പാർട്ടി അർഹിക്കുന്നെങ്കിലും അത് ആഘോഷിക്കാൻ തനിക്ക് കഴിയില്ലെന്ന് എ.എ.പി സ്ഥാപകാംഗം യോഗേന്ദ്ര യാദവ്. ഒരു പതിറ്റാണ്ട് മുമ്പ് ആം ആദ്മി പാർട്ടിയിലെ ‘സ്റ്റാലിനിസ്റ്റ് ശുദ്ധീകരണ’ത്തിനിടെ തങ്ങളിൽ ചിലർ അനുഭവിച്ച അപമാനം മറന്നിട്ടില്ലെന്നും എന്നാൽ, ഡൽഹിയിലെ ബി.ജെ.പി വിജയത്തിന്റെയും ആം ആദ്മി പാർട്ടിയുടെ തോൽവിയുടെയും മേലെ തന്റെ വ്യക്തിപരമായ അനുഭവം ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ‘ദ ഇന്ത്യൻ എക്സ്പ്രസി’ൽ എഴുതിയ ലേഖനത്തിൽ യാദവ് വ്യക്തമാക്കി. എ.എ.പിയുടെ സ്ഥാപക അംഗങ്ങളായ യോഗേന്ദ്ര യാദവിനെയും സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെയും 2015ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
തന്റെ ആശങ്ക സ്വന്തത്തെക്കുറിച്ചോ ആം ആദ്മി പാർട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ചോ അല്ല. അത് ‘ആം ആദ്മി’ ( സാധാരണക്കാർ) യെക്കുറിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും, ഭരണഘടനാപരമായ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളും ആശങ്കപ്പെടുകയും ചിന്തിക്കുകയും വേണം. ഡൽഹിയിലെ വിജയം ബി.ജെ.പിയെ സമ്പൂർണ രാഷ്ട്രീയ ആധിപത്യത്തിനായുള്ള വഴിയിൽ ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ ആശങ്കാകുലനാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
എ.എ.പി ഭരണത്തിന്റെ അവസാന ദശകത്തിലെ ജനഹിത പരിശോധനയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ നിഷേധത്തിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണ്. എ.എ.പിയുടെ തോൽവിയുടെ മാർജിൻ വെറും 3.5 ശതമാനമാണ്. ഇത് സീറ്റ് കണക്കിനെക്കാൾ വളരെ ചെറുതാണ്. അഴിമതി ആരോപണങ്ങളിൽ നിന്ന് എ.എ.പി നേതൃത്വത്തെ ബഹുജനമാധ്യമങ്ങൾ രക്ഷിച്ചിരുന്നെങ്കിൽ, ബജറ്റിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചിരുന്നുവെങ്കിൽ, എംപി-മഹാരാഷ്ട്ര -ഝാർഖണ്ഡ് എന്നിവിടങ്ങളിലെ പോലെ സ്ത്രീകൾക്കുള്ള പണമിടപാടുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഡൽഹി സർക്കാറിനെ ലെഫ്റ്റനന്റ് ഗവർണർ തടഞ്ഞില്ലായിരുന്നെങ്കിൽ, ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരു തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നെങ്കിൽ ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള 2 ശതമാനത്തിലധികം വോട്ടുകൾ ആം ആദ്മി പാർട്ടിയിലേക്ക് തിരിഞ്ഞ് തലക്കെട്ടുകൾ മറിച്ചിടാമായിരുന്നുവെന്നും യോഗേന്ദ്രേ യാദവ് ചൂണ്ടിക്കാട്ടി.
അതേസമയം, വോട്ട് ഷെയറുകളുടെ കഥയിൽ പൂർണമായി പിടിമുറുക്കാത്ത ശക്തമായ ഒരു ‘ഭരണ വിരുദ്ധത’ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല. വികസനം, റോഡുകൾ, ശുചിത്വം, അഴുക്കുചാലുകൾ, കുടിവെള്ളം എന്നിങ്ങനെ ജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള പല കാര്യങ്ങളിലും ഭരണകക്ഷിയോടുള്ള കടുത്ത നിരാശയാണ് സി.എസ്ഡി.എസ്-ലോക്നീതി സർവേ രേഖപ്പെടുത്തുന്നത്. ജനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ മേലുള്ള സംതൃപ്തി കേന്ദ്ര സർക്കാറിനേക്കാൾ വളരെ കുറവായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വ്യക്തിപരമായ ജനപ്രീതി അദ്ദേഹത്തിന്റെ പാർട്ടിയുടെ വോട്ട് ഷെയറിനേക്കാൾ കുറവായിരുന്നു.
ഡൽഹിയിലെ മൂന്നിൽ രണ്ട് വോട്ടർമാരും ആം ആദ്മി സർക്കാർ ‘പൂർണ്ണമായോ‘ ‘ഒരു പരിധിവരെയോ’ അഴിമതിയിലാണ് എന്ന് വിശ്വസിച്ചു. ബി.ജെ.പിക്ക് വിശ്വസനീയമായ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ കോൺഗ്രസ് കൂടുതൽ പ്രാപ്‌തിയുള്ളതായി വോട്ടർമാർക്ക് തോന്നിയിരുന്നുവെങ്കിൽ ജനഹിത പരിശോധനയിൽ ആംആദ്മി പാർട്ടിക്കെതിരെ കൂടുതൽ വ്യക്തമായ ചാഞ്ചാട്ടം ദൃശ്യമാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.