ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. സുനന്ദയുടെ മരണത്തിന് ശേഷം തന്നെ വലയം ചെയ്തിരുന്ന ദു:സ്വപ്നത്തിനാണ് അന്ത്യമാവുന്നതെന്ന് ശശി തരൂർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന തന്‍റെ നിലപാട് കോടതിയും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. നിയമപരമായ നിരവധി പ്രക്രിയകൾക്കൊടുവിൽ കോടതിയിൽ നിന്ന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ തനിക്ക് വേണ്ടി ഹാജരായ വികാസ് പവ, ഗൗരവ് ഗുപ്ത എന്നിവർക്ക് തരൂർ നന്ദി പറഞ്ഞു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെ കുറ്റവിമുക്തനാക്കി ഡൽഹി റോസ് അവന്യു കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.