അണ്ണാ ഹസാരെ

ആപ് എം.പിമാരുടെ കൂറുമാറ്റത്തിലും ബി.ജെ.പി അനുകൂല പ്രതികരണവുമായി അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെ ന്യായീകരിച്ച് അഴിമതി വിരുദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ. ജനാധിപത്യത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭാ എം.പിമാർ പുറത്തുപോയ സാഹചര്യത്തിലാണ് അണ്ണാ ഹസാരെയുടെ പ്രതികരണം. എം.പിമാർ എന്തുകൊണ്ടാണ് പാർട്ടി വിട്ടതെന്ന് പാർട്ടി നേതൃത്വങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഒരു ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അവർ ചില പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടാകണം, അതുകൊണ്ടാണ് അവർ പോയത്," ഹസാരെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂലമായ സമീപനമാണ് അണ്ണാ ഹസാരെയുടേതെന്ന് അദ്ദേഹത്തിന്റെ സമീപകാല നിലപാടുകൾ പ്രതിഫലിപ്പിക്കുന്ന സാഹചര്യത്തിലാണ് രാഘവ് ഛദ്ദ ഉൾ​പ്പെടെയുള്ളവരെ ന്യായീകരിക്കുന്ന പ്രതികരണം.

"അത് എ.എ.പി നേതൃത്വത്തിന്റെ തെറ്റാണ്. ആ പാർട്ടി ശരിയായ വഴി പിന്തുടർന്നിരുന്നെങ്കിൽ അവർ പോകുമായിരുന്നില്ല," ഹസാരെ പറഞ്ഞു. ഒരു പാർട്ടി വിടാനുള്ള രാഷ്ട്രീയ തീരുമാനത്തിന് പിന്നിൽ എല്ലായ്പ്പോഴും അടിസ്ഥാനപരമായ കാരണങ്ങളുണ്ടെന്നും, ഇവയെ വിശാലമായ ജനാധിപത്യ പശ്ചാത്തലത്തിൽ കാണണമെന്നും ഹസാരെ പറഞ്ഞു. 2011 ലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ഹസാരെയും അരവിന്ദ് കെജ്‌രിവാളും അടുത്ത ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലും നിരാഹാരങ്ങളിലും കെജ്‌രിവാൾ ഹസാരെയോടൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നീ ഏഴ് എം.പിമാരാണ് വെള്ളിയാഴ്ച ആപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്.

അടുത്ത ടേമിൽ മത്സരിക്കാൻ ടിക്കറ്റ് അടക്കം കെജ്‌രിവാൾ വാഗ്ദാനം ചെയ്തെങ്കിലും എം.പിമാർ ചര്‍ച്ചക്കുപോലും തയാറാവാതെ ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു. ബി.ജെ.പിയിലേക്ക് പോയ എം.പിമാർ കെജ്‌രിവാളിനെ കാണാൻപോലും തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. 

"നിങ്ങൾക്ക് എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും അടുത്ത ടേമിൽ വീണ്ടും ടിക്കറ്റ് നൽകുമെന്നും" കെജ്‌രിവാൾ എം.പിമാരോട് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അനുനയ ചർച്ചക്കായി വെള്ളിയാഴ്ച വൈകീട്ട് കെജ്‌രിവാൾ എം.പിമാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ചർച്ചക്ക് തയാറാവാത്ത എം.പിമാർ പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ കൂടിക്കാഴ്ചയും നടന്നില്ല.

വനിതാ കമീഷൻ നിയമനത്തിൽ സി.ബി.ഐ പ്രതിയാക്കിയ സ്വാതി മലിവാളിനും ഡൽഹി ജൽ ബോർഡ് അഴിമതിക്കേസിൽ ഇ.ഡി പിന്തുടരുന്ന രാഘവ് ഛദ്ദക്കും പുറമെ ലവ്‍ലി പഞ്ചാബ് യൂനിവേഴ്സിറ്റി ഉടമയായ അശോക് മിത്തൽ കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി ഇ.ഡി റെയ്ഡ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയാണ്, കേന്ദ്ര ഏജൻസികളെ ഇറക്കിയുള്ള ഓപറേഷൻ ലോട്ടസ് ആണിതെന്നും ബി.ജെ.പി വാഷിങ്മെഷീനിലൂടെ വെളുപ്പിക്കലാണെന്നും ആപ് കുറ്റപ്പെടുത്തുന്നത്.

Tags:    
News Summary - "Would Not Have Left If...": Anna Hazare As Raghav Chadha, 6 MPs Quit AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.