അന്നപൂർണ ദേവി

ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മൗനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അന്നപൂർണ ദേവി

ന്യൂഡൽഹി: ജാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികളും വിദ്യാർഥികളും നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിൽ കോൺഗ്രസും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി. കോൺഗ്രസിന്റെ ഇരട്ടത്താപ്പും കപട സ്വഭാവവുമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ മുൻപന്തിയിൽ നിൽക്കുന്ന കോൺഗ്രസ് നേതൃത്വം, തങ്ങളുടെ സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) ഭരണത്തിലുള്ള സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ കണ്ണടയ്ക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. "ജാർഖണ്ഡിലെ കുട്ടികൾക്കായി രാഹുൽ ഗാന്ധി ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല, കോൺഗ്രസ് നേതാക്കളാരും മുന്നോട്ട് വരുന്നുമില്ല. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? കുട്ടികളുടെ ക്ഷേമത്തിൽ യഥാർത്ഥത്തിൽ ആശങ്കയുണ്ടെങ്കിൽ എല്ലായിടത്തും ശബ്ദമുയർത്താൻ തയ്യാറാകണം," അന്നപൂർണാ ദേവി പറഞ്ഞു. പഞ്ചാബ്, കർണാടക, കേരളം തുടങ്ങിയ പ്രതിപക്ഷ പിന്തുണയുള്ള സംസ്ഥാനങ്ങളിലെ വിഷയങ്ങളിലും ഇവർ ഇതേ മൗനം തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ജാർഖണ്ഡ് സർക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാക്രമക്കേടുകളിൽ പങ്കാളികളായവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും, ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൗനം വെടിയണമെന്നും അവർ വ്യക്തമാക്കി.

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ (ജെ.എസ്.എസ്.സി) എന്നീ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർത്ഥികൾ റാഞ്ചിയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ജൂലൈ 5-ന് 14-ാമത് ജെ.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം വന്നതിന് പിന്നാലെ ആരംഭിച്ച സമരം ഇപ്പോൾ അനിശ്ചിതകാല ധർണ്ണയായി തുടരുകയാണ്.

അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച (ജെ.എൽ.കെ.എം) എം.എൽ.എ ജയറാം മഹാതോ റാഞ്ചിയിൽ ഉപവാസ സമരം അനുഷ്ഠിച്ചു. ലക്ഷക്കണക്കിന് രൂപയ്ക്കാണ് സർക്കാർ തസ്തികകൾ വിറ്റഴിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും മൗനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അന്നപൂർണ ദേവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.