ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് വേണ്ട; സൂര്യകാന്തിനെതിരെ നിയമവിദ്യാർഥികൾ

ഹൈദരാബാദ്: ഹൈദരാബാദ് നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എൽ.എസ്.എ.ആർ) സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്ന തീരുമാനം സർവകലാശാല പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്ത്. 450ലേറെ വിദ്യാർഥികൾ സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, അധ്യാപകർ, മറ്റ് അധികൃതർ എന്നിവർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.

നീറ്റ് വിഷയവുമായി ബന്ധപ്പെട്ട്  ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച്, സുപ്രീം കോടതി വാദം കൈകാര്യം ചെയ്ത രീതിയും പരാമർശങ്ങളുമാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് പ്രധാന കാരണം. വാദത്തിനിടെ പൊലീസ് അതിക്രമങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചതായി വിദ്യാർഥികൾ കത്തിൽ പറയുന്നു.

യുവാക്കളെ ‘കോക്ക്രോച്ചുകൾ’ എന്ന് വിശേഷിപ്പിച്ചതുമുതൽ, പൊലീസ് ക്രൂരതയുടെ വീഡിയോകൾ കാണാൻ സമയമില്ലെന്ന് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതുവരെ, ചീഫ് ജസ്റ്റിസ് ഞങ്ങളെപ്പോലുള്ള വിദ്യാർഥികളോട് അനാസ്ഥയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ അക്കാദമിക് ജീവിതത്തിലും വൈകാരിക ജീവിതത്തിലും വലിയ പ്രാധാന്യമുള്ള ബിരുദങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സ്വീകരിക്കുന്നത് ഞങ്ങൾക്ക് ശരിയായി തോന്നുന്നില്ലെന്നും കത്തിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സർവകലാശാല ഇതുവരെ കോൺവൊക്കേഷന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, കോൺവൊക്കേഷൻ ചടങ്ങിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ദീർഘകാലമായി തുടരുന്ന ഒരു രീതിയാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ, ഇത്തവണയും ചീഫ് ജസ്റ്റിസ് ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഒരു വിഭാഗം വിദ്യാർഥികൾ എതിർപ്പ് ഉയർത്തിയത്. നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവരോടും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനോടും വിദ്യാർഥികൾ നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ജന്തർ മന്തറിൽ സോനം വാങ്ചുക് നിരാഹാര സമരം നടത്തിയിരുന്ന സമയത്ത് നിരവധി വിദ്യാർഥികൾ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെങ്കിൽ തീരുമാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ടെന്ന് നിയമവിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.