ഗൂഡല്ലൂർ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ഓവേലി എസ്റ്റേറ്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടം തൊഴിലാളിയായ ബാലകൃഷ്‌ണൻ മരുതൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ലാറൻസ്റ്റൺ എസ്റ്റേറ്റിലെ പാടിയിൽ താമസിക്കുന്ന ബാലകൃഷ്ണൻ, ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ കൃഷിയിടത്തിൽ നനയ്ക്കാനായി പോയതായിരുന്നു. ഏറെ വൈകിയും ഇദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ്, പമ്പ് ഹൗസിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയായി, കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്തെ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങൾക്ക് മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ചിലർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വന്യജീവികൾ നിരന്തരം ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ അധികൃതർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
ഇതിനുപുറമെ, വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മറ്റൊരു ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളെയോ പ്രദേശവാസികളെയോ കാണിക്കാതെ വനത്തിനുള്ളിലൂടെ തന്നെ മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് നാട്ടുകാരുടെ രോഷത്തിന് കാരണമായത്. ഇതോടെ ജനങ്ങൾ സംഘടിച്ച് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചു.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, അടിയന്തരമായി വനംവകുപ്പ് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തെ ആശങ്ക പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.