ബെംഗളൂരു: കർണാടകയിലെ പ്രശസ്ത ട്രക്കിങ് കേന്ദ്രമായ ശിവഗംഗെ മലനിരകളിൽ ട്രക്കിങ്ങിനിടെ യുവാവിനെ കാണാതായി. ബേഗൂരിൽ താമസിച്ചുവരുന്ന മധ്യപ്രദേശ് ഇൻഡോർ സ്വദേശി അദ്വൈത് ഉപാധ്യായ (31) എന്നയാളെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ കാടുഗോഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വൈറ്റ്ഫീൽഡിലെ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് അദ്വൈത്. വെള്ളിയാഴ്ച രാവിലെയാണ് ട്രക്കിങ്ങിനായി ശിവഗംഗെയിലെത്തിയത്. വാടകയ്‌ക്കെടുത്ത ബൈക്കിൽ മലയടിവാരത്തിലെത്തിയ ഇയാൾ വാഹനം അവിടെ പാർക്ക് ചെയ്ത ശേഷം ട്രക്കിങ്ങിനായി മല കയറുകയായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്റെ പ്രതിശ്രുത വധുവായ പെൺകുട്ടിയെ വിവരം അറിയിച്ചിരുന്നു.
രാവിലെ 6:30ഓടെ ഇയാൾ മല കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
യുവാവിനെ ഒറ്റയ്ക്ക് കണ്ട കവർച്ച സംഘങ്ങൾ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിരിക്കാമെന്ന സംശയം ബന്ധുക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ച് സമഗ്രമായ അന്വേഷണവും പ്രദേശത്ത് വ്യാപക തിരച്ചിലും നടത്തുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.