ഉമർ ഖാലിദ്

പരിപാടിയുടെ പൂർണ വിവരങ്ങൾ നൽകിയില്ലെന്ന് ; ഉമർ ഖാലിദിന്റെ പുസ്തക ചർച്ച റദ്ദാക്കി ജെ.എൻ.യു

ന്യൂഡൽഹി: മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദ് എഴുതിയ പുസ്തകത്തെക്കുറിച്ച് ആഗസ്റ്റ് 10ന് സർവകലാശാല ക്യാമ്പസിൽ നടത്താനിരുന്ന ചർച്ച ജവഹർലാൽ നെഹ്റു സർവകലാശാല റദ്ദാക്കി. പരിപാടിയുടെ ‘പൂർണ വിവരങ്ങൾ വെളിപ്പെടുത്തിയില്ല’ എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എസ്.എസ്-1 ഓഡിറ്റോറിയത്തിന്റെ ബുക്കിങ് റദ്ദാക്കിയതെന്ന് സർവകലാശാല അറിയിച്ചു.

ആഗസ്റ്റ് 10ന് വൈകിട്ട് മൂന്ന് മുതൽ ആറ് വരെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്-1 ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ആദിവാസി ദിനത്തോടനുബന്ധിച്ച് ജെ.എൻ.യു വിദ്യാർഥി യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഫ. പ്രഭു മൊഹാപത്ര, പ്രഫ. ഉമ ചക്രവർത്തി, എഴുത്തുകാരൻ ശുദ്ധബ്രത സെൻഗുപ്ത, സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദർ, ഖാലിദിന്റെ പങ്കാളിയായ ബാനോജ്യോത്സ്ന ലാഹിരി എന്നിവർ ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

ഓഡിറ്റോറിയം ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയമ പ്രകാരമുള്ള ഔദ്യോഗിക നടപടിക്രമങ്ങളിലൂടെയാണ് പരിപാടി ബുക്ക് ചെയ്തിരുന്നത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് നൽകിയ അപേക്ഷയിൽ പരിപാടിയുടെ ഉദ്ദേശ്യം ‘ആദിവാസി ദിനത്തോടനുബന്ധിച്ചുള്ള പൊതുചർച്ച (പുസ്തക ചർച്ച)’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തീയതി, സമയം, വേദി എന്നിവയും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപക പ്രതിനിധിയായി എസ്.എസ്.എസ് പ്രൊഫസർ അവിനാശ് കുമാറിന്റെ പേരും നൽകിയിരുന്നു. ആഗസ്റ്റ് 7ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡീൻ ബുക്കിങ് അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആഗസ്റ്റ് ഒമ്പതിന് പുറത്തിറക്കിയ നോട്ടീസിലൂടെയാണ് ഓഡിറ്റോറിയം ബുക്കിങ് റദ്ദാക്കിയതായി പ്രൊഫസർ അവിനാശ് കുമാറിനെ ജെ.എൻ.യു അറിയിച്ചത്. പരിപാടിയുടെ ‘പൂർണ വിവരങ്ങൾ നൽകിയില്ല’ എന്നതാണ് ബുക്കിങ് റദ്ദാക്കാനുള്ള കാരണമെന്ന് ജോയിന്റ് രജിസ്ട്രാർ എം.കെ. പചൗരി നോട്ടീസിൽ വ്യക്തമാക്കി. എസ്.എസ്.എസ് ഡീനിന്റെ അനുമതിയോടെയാണ് നോട്ടീസ് പുറത്തിറക്കിയത്.

അതേസമയം, പരിപാടിയുടെ ഏത് വിവരമാണ് ബുക്കിങ് അപേക്ഷയിൽ വെളിപ്പെടുത്താതിരുന്നതെന്ന് ജെ.എൻ.യു വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനോട് വിശദീകരണം തേടിയെങ്കിലും ചോദ്യം സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡീനിന് കൈമാറുകയായിരുന്നു. ഡീനിൽ നിന്ന് ഉടൻ പ്രതികരണം ലഭിക്കുകയും ചെയ്തില്ല.

ജൂണിലാണ് ഉമർ ഖാലിദിന്റെ `ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ചരിത്രങ്ങളും അധികാര രാഷ്ട്രീയവും' എന്ന പുസ്തകം പുറത്തിറങ്ങിയത്. ജെ.എൻ.യുവിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ 2018ൽ സമർപ്പിച്ച ഖാലിദിന്റെ പി.എച്ച്.ഡി പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള കേസിൽ ഉമർ ഖാലിദ് ജയിലിലാണ്.

Tags:    
News Summary - ഉമർ ഖാലിദിന്റെ പുസ്തക ചർച്ച റദ്ദാക്കി ജെ.എൻ.യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.