പ്രയാഗ്‌രാജ്: രാജ്യത്തെ യുവാക്കൾ പണം ചെലവഴിച്ച് കഷ്ടപ്പെട്ട് നേടിയെടുക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾക്കും ബിരുദങ്ങൾക്കും ഇന്ന് ജോലി ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് കെ.പി ഗൗണ്ടിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കൾക്ക് തൊഴിൽ നൽകുന്ന മേഖലകളിലെല്ലാം വാതിലുകൾ അടയുകയാണ്. ഇത്രയധികം യുവജനശേഷിയുള്ള മറ്റൊരു രാജ്യം ലോകത്തില്ല. ഭയത്തെ അതിജീവിച്ച് അനീതിക്കെതിരെ ശബ്ദമുയർത്താൻ യുവാക്കൾ മുന്നോട്ടുവരുന്നതും പ്രതീക്ഷ നൽകുന്നതാണെന്നും അവരാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഉൽപാദന മേഖല തകർച്ചയിലാണ്. നോട്ടുനിരോധനവും അനിയന്ത്രിത ജി.എസ്.ടിയും കാരണം ടെക്സ്റ്റൈൽ, തോൽ വ്യവസായം, ഓട്ടോമൊബൈൽ ഉൽപാദനം തുടങ്ങിയ ചെറുകിട തൊഴിൽ മേഖലകൾ വരെ അടച്ചുപൂട്ടി. ഇന്ത്യൻ വിപണികൾ ചൈനീസ്, വിയറ്റ്നാം ഉൽപന്നങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം കാരണം അവിടെ ലഭിച്ചിരുന്ന തൊഴിലവസരങ്ങൾ പകുതിയായി കുറഞ്ഞു. 2014ൽ പൊതുമേഖലയിൽ 14 ലക്ഷത്തോളം പേർക്ക് ജോലി ലഭിച്ചിരുന്നിടത്ത് നിലവിൽ അത് ഏഴ് ലക്ഷമായി ചുരുങ്ങിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ യുവാക്കൾക്ക് ബാങ്ക് വായ്പകൾ ലഭ്യമാകുന്നില്ല. അതേസമയം വൻകിട കോർപ്പറേറ്റുകൾക്ക് കോടികളുടെ വായ്പ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ വ്യവസ്ഥിതിയെ സ്നേഹവും സമാധാനവും കൊണ്ട് മാറ്റിയെടുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.