ന്യൂഡൽഹി: അപകടങ്ങൾ മുൻകൂട്ടി കണ്ട് ട്രെയിനുകളെ സുരക്ഷിതമാക്കുന്ന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഒരു ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമാണിത് കവച്. പതിറ്റാണ്ടുകളായി റെയിൽവേ സുരക്ഷ പ്രധാനമായും മനുഷ്യന്‍റെ തീരുമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കവചിന്‍റെ പ്രവർത്തനം ഇതിൽ നിന്ന് വ്യത്യസ്തമാണ്.
ഇന്ത്യൻ റെയിൽവേയുടെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, മനുഷ്യന്‍റെ പിഴവുകൾ, പ്രവർത്തനപരമായ പരിമിതികൾ അല്ലെങ്കിൽ ഉപകരണ തകരാറുകൾ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് അധിക സുരക്ഷ നൽകുന്നു.
2016ലാണ് പാസഞ്ചർ ട്രെയിനിൽ കവച് പരീക്ഷണം ആരംഭിച്ചത്. ഒരു ദശാബ്ദത്തിന് ശേഷം ഇത് ആധുനികവൽക്കരിക്കപ്പെടുകയും പ്രധാന ഹൈ-ഡെൻസിറ്റി റൂട്ടുകളിൽ 'കവച്ച് 4.0' നടപ്പിലാക്കുകയും ചെയ്യുന്നു. 2020 ജൂലൈയിലാണ് കവച്ച് ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായി അംഗീകരിച്ചത്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ സെക്ഷനുകൾ ഉൾപ്പെടെ 2,633 റൂട്ടുകളിൽ കവച്ച് 4.0 വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ ട്രാഫിക്കിന്‍റെ 96 ശതമാനവും വഹിക്കുന്ന പ്രധാന റൂട്ടുകൾക്കാണ് കവച്ച് മുൻഗണന നൽകുന്നത്. സബർബൻ റെയിൽ പ്രവർത്തനങ്ങൾക്കായി അടുത്ത തലമുറയിലുള്ള 'കവച്ച് 5.0' ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കവച്ച് ലോക്കോ പൈലറ്റുമാർക്ക് തത്സമയം സിഗ്നലിങ് വിവരങ്ങൾ നൽകുന്നു. വേഗത, ദൂരം, സിഗ്നൽ വശങ്ങൾ, മുന്നോട്ട് നീങ്ങാനുള്ള അനുമതി എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും. 120 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്ന ട്രെയിനിന് അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇത് വളരെ സഹായകരമാണ്.
സിഗ്നൽ പാസിങ് അറ്റ് ഡേഞ്ചർ (SPAD), അമിതവേഗത, ട്രെയിൻ കൂട്ടിയിടികൾ എന്നിവ തടയുകയാണ് കവച്ചിന്‍റെ ലക്ഷ്യം. തുടർച്ചയായ നിരീക്ഷണവും യാന്ത്രിക ഇടപെടലും സംയോജിപ്പിച്ച് ഇന്ത്യയുടെ തിരക്കേറിയ ഹൈ-ഡെൻസിറ്റി, ഹൈ-സ്പീഡ് റെയിൽവേ ശൃംഖലയിലെ സുരക്ഷക്ക് കവച് കരുത്തേകും.
ട്രാക്ക് സൈഡ് സിസ്റ്റങ്ങളും ലോക്കോമോട്ടീവുകളും തമ്മിലുള്ള തുടർച്ചയായ തത്സമയ ആശയവിനിമയത്തിലൂടെയാണ് കവച്ച് പ്രവർത്തിക്കുന്നത്. സുരക്ഷിതമായ അൾട്രാ ഹൈ ഫ്രീക്വൻസി റേഡിയോ ആന്‍റിനകളും ട്രാക്കിൽ ഘടിപ്പിച്ച ആർ.എഫ്.ഐ.ഡി (RFID) ടാഗുകളുമാണ് കവചിൽ ഉപയോഗിക്കുന്നത്. ട്രെയിനിന്‍റെ കൃത്യമായ സ്ഥാനം ഈ ടാഗുകൾ നൽകുന്നു.
സ്റ്റേഷനുകളിൽ നിന്നുള്ള ലൈവ് ഡാറ്റ ശേഖരിക്കാനും പോയിന്‍റ് പൊസിഷനുകൾ, സിഗ്നൽ വശങ്ങൾ, ട്രാക്ക് ഒക്യുപൻസി എന്നിവ മനസിലാക്കാനും നിരവധി വേസൈഡ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്കോമോട്ടീവുകളിൽ കവച്ച് സജ്ജീകരിക്കുന്നതിലൂടെ സമീപത്തുള്ള ട്രെയിനുകളുമായും ട്രാക്ക് സൈഡ് സിസ്റ്റങ്ങളുമായും അവക്ക് നിരന്തരം ആശയവിനിമയം നടത്താൻ സാധിക്കുന്നു.
ഡ്രൈവറുടെ ഇടപെടലിനെ മാത്രം കവച്ച് ആശ്രയിക്കുന്നില്ല. ട്രെയിൻ ചുവന്ന സിഗ്നൽ മറികടന്നാലോ, അനുവദനീയമായ വേഗത കവിഞ്ഞാലോ, അല്ലെങ്കിൽ തെറ്റായ റൂട്ടിൽ പ്രവേശിച്ചാലോ കവച് സ്വയം ബ്രേക്ക് പ്രയോഗിക്കും. രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ, കവച്ച് രണ്ടിനും സ്വയം 'സ്റ്റോപ്പ്-ഓൺ-സൈറ്റ്' (SOS) കമാൻഡ് അയക്കുന്നു.
മുൻകാലങ്ങളിൽ ട്രെയിൻ സർവിസുകൾ ട്രാക്ക് സൈഡ് സിഗ്നലുകളെയും മാനുവൽ പ്രവർത്തനങ്ങളെയും മാത്രമാണ് ആശ്രയിച്ചിരുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ കവച് സഹായിക്കുന്നു.
കവചിന് 'സെക്യൂരിറ്റി ഇന്‍റഗ്രേറ്റഡ് ലെവൽ 4' (SIL-4) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. റെയിൽവേ സിഗ്നലിംഗിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളിൽ ഒന്നാണിത്. സമാനമായ ആഗോള സംവിധാനങ്ങളായ ഇ.ടി.സി.എസ്-2 (ETCS-2) സിസ്റ്റത്തിന് ഇതിന്‍റെ നാലിരട്ടി ചെലവ് വരും. കവച്ച് സ്ഥാപിക്കാൻ കിലോമീറ്ററിന് ഏകദേശം 50 ലക്ഷം രൂപയാണ് ചെലവ് വരുന്നതെങ്കിൽ, ഇ.ടി.സി.എസിന് (ETCS) 1.5 മുതൽ 2 കോടി രൂപ വരെയാണ് ചെലവ് വരുന്നത്.
നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പദ്ധതിയുടെ വലിയ വ്യാപ്തിയാണ് ഇതിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ഹൈ-ഡെൻസിറ്റി റൂട്ടുകളുടെ ഓരോ കിലോമീറ്ററിലും ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി, ടെലികോം ടവറുകൾ, ആർഎഫ്ഐഡി ടാഗുകൾ എന്നിവ ഒരേസമയം സജ്ജീകരിക്കേണ്ടതുണ്ട്. എല്ലാ സ്റ്റേഷനും ലോക്കോമോട്ടീവിനും സ്വന്തം യൂണിറ്റ് ഫിറ്റ്‌മെന്റ് ആവശ്യമാണ്.
വിതരണ ശൃംഖല, വെണ്ടർ ഇക്കോസിസ്റ്റം, വിദഗ്ധ തൊഴിലാളികൾ, വൻതോതിലുള്ള നിക്ഷേപം എന്നിവയെല്ലാം വിപുലീകരിക്കേണ്ടത് പദ്ധതിയുടെ വേഗത്തിലുള്ള നടപ്പിലാക്കലിന് അത്യാവശ്യമാണ്. ഇന്ത്യയുടെ ഈ വലിയ ചുവടുവെയ്പ്പ് ആഗോളതലത്തിൽ രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന് ഉദാഹരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.