ആം ആദ്മി പാർട്ടി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിനിടെ
ന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന ഡൽഹി സർക്കാറിന്റെ സബ്‌സിഡി അരി വിതരണത്തിൽ വൻ അഴിമതി നടക്കുന്നുവെന്ന് ആരോപണവുമായി ആം ആദ്മി പാർട്ടി. പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിൽ നൽകേണ്ട ധാന്യം ഹരിയാനയിലെ സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ് മൂന്ന് വർഷത്തിനിടെ 22,000 കോടി രൂപയുടെ തട്ടിപ്പാണ് ലക്ഷ്യമിട്ടതെന്നും പാർട്ടി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ സാധാരണക്കാർക്കും നിർധനർക്കും വിതരണം ചെയ്യാനെന്ന പേരിൽ രേഖാ ഗുപ്ത സർക്കാറും അസം ആസ്ഥാനമായുള്ള കോർപറേഷനും ചേർന്ന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയോട് (എഫ്.സി.ഐ) സബ്‌സിഡി നിരക്കിൽ അരി ആവശ്യപ്പെടുകയായിരുന്നുവെന്ന് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ആഴ്ചയിൽ 31,000 മെട്രിക് ടൺ അരി വീതം വാങ്ങിയെങ്കിലും അർഹരായ ഉപഭോക്താക്കൾക്ക് ഒരു പിടി ധാന്യം പോലും ലഭിച്ചിട്ടില്ലെന്നും പകരം ഹരിയാനയിലെ പ്രൈവറ്റ് കമ്പനിക്ക് മറിച്ചുവിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കിലോഗ്രാമിന് 23.20 രൂപ നിരക്കിൽ എഫ്.സി.ഐയിൽനിന്ന് കൈപ്പറ്റിയ അരി, ഹരിയാനയിലെ സ്വകാര്യ സ്ഥാപനത്തിന് തുറന്ന വിപണിയിൽ കിലോക്ക് 46 രൂപ നിരക്കിലാണ് മറിച്ചുവിറ്റത്. കിലോക്ക് 23 രൂപ വീതം ഇടനില ലാഭം കൊയ്ത് ആഴ്ചതോറും 143 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മൂന്ന് വർഷത്തേക്ക് തുടരാൻ പദ്ധതിയിട്ട ഈ ക്രമക്കേടിലൂടെ ആകെ 22,000 കോടി രൂപയുടെ അനധികൃത പണം സ്വരൂപീക്കാനാണ് ബി.ജെ.പി നയിക്കുന്ന സർക്കാർ ലക്ഷ്യമിട്ടതെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. എ.എ.പി എം.എൽ.എ സഞ്ജീവ് ഝായും വാർത്തസമ്മേളനത്തിൽ സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട രേഖകൾ പൊതുസമക്ഷത്തിൽ ഹാജരാക്കുമെന്നും ക്രമക്കേടിൽ സർക്കാർ വ്യക്തത വരുത്തണമെന്നും എ.എ.പി ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളിൽ ബി.ജെ.പിയോ എഫ്.സി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.