ന്യൂഡൽഹി: ഗുജറാത്തിലെ ഭറൂച്ച് ലോക്സഭ സീറ്റ് നിലനിർത്താൻ കഴിയാത്തതിൽ അണികളോട് ക്ഷമ ചോദിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ. ആം ആദ്മിയുമായുള്ള ചർച്ചകൾക്കൊടുവിൽ ഭറൂച്ച് ലോക്സഭ സീറ്റ് നിലനിർത്താൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് മുംതാസ് പട്ടേലിന്റെ പ്രതികരണം.
ഭറൂച്ച്സീറ്റ് എ.എ.പിക്ക് നൽകുന്നതിൽ മുംതാസ് പട്ടേൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. അഹ്മദ് പട്ടേലിന്റെ 45 വർഷത്തെ പാരമ്പര്യം വെറുതെയാകാൻ സമ്മതിക്കില്ലെന്നായിരുന്നു മുംതാസ് പട്ടേലിന്റെ പ്രതികരണം. സീറ്റ് സംരക്ഷിക്കാൻ കഴിയാത്തതിൽ ജില്ലാ നേതൃത്വത്തോട് ക്ഷമ ചോദിക്കുകയാണ്. നിങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നമുക്കെല്ലാവർക്കും ചേർന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്നും മുംതാസ് പട്ടേൽ പറഞ്ഞു.
ഭറൂച്ചിലെ സ്ഥാനാർഥിയെ നേരത്തെ തന്നെ എ.എ.പി പ്രഖ്യാപിച്ചിരുന്നു. എം.എൽ.എ ചയ്താർ വാസവയാണ് അവിടെ എ.എ.പിയുടെ സ്ഥാനാർഥി. സീറ്റ് എ.എ.പിക്ക് വിട്ടുനൽകിയതിനെതിരെ അഹ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും രംഗത്തെത്തിയിരുന്നു. എന്റെ പാർട്ടി പ്രവർത്തകരും താനും തീരുമാനത്തിൽ സംതൃപ്തരല്ലെന്ന് ഫൈസൽ പട്ടേൽ പറഞ്ഞു. ഹൈക്കമാൻഡിനോട് ഒരിക്കൽ കൂടി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.