കുട്ടിയെ പരിപാലിക്കാൻ ജോലി ഉപേക്ഷിക്കുന്ന സ്ത്രീക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്- ഡൽഹി ഹൈകോടതി

ന്യൂഡൽഹി: കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്ന വിവാഹമോചനം നേടിയ സ്ത്രീക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ഡൽഹി ഹൈകോടതി. അത് സ്വമേധയാ ഉള്ള ജോലി ഉപേക്ഷിക്കലല്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ പരിപാലിക്കുക എന്ന കടമയുടെ ഭാഗമായാണ് ഇത്തരം സാഹചര്യമുണ്ടാവുന്നതെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ ഉത്തരവിൽ പറയുന്നു. യുവതിക്കും അവരുടെ പ്രായപൂർത്തിയാകാത്ത മകനും ഇടക്കാല ജീവനാംശം അനുവദിച്ച വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാൻ വിസമ്മതിച്ചു കൊണ്ടാണ് ഹൈകോടതിയുടെ പരാമർശം.

വേർപിരിഞ്ഞ ഭാര്യക്കും കുട്ടിക്കും പ്രതിമാസം 7,500 രൂപ ജീവനാംശം നൽകണമെന്ന 2023 ഒക്ടോബറിലെ വിചാരണ കോടതിയുടെ ഉത്തരവിനെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഉത്തരവാദിത്തം സംരക്ഷണം നൽകുന്ന രക്ഷിതാവിന്റെ മേൽ മാത്രമാവുന്നത് അവർക്ക് മുഴുവൻ സമയ ജോലിയിൽ തുടരുന്നതിന് തടസമാവുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലി സമയത്ത് കുട്ടിയെ പരിപാലിക്കാൻ കുടുംബത്തിന്റെ സഹായമില്ലാതിരിക്കുന്ന ആളുകൾക്ക് ഇത് കൂടുതൽ ക്ലേശകരമാവും. അതുകൊണ്ട് കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ഉള്ള ഉപേക്ഷിക്കലായി കണക്കാക്കാനാവില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.

തന്റെ മുൻ ഭാര്യ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീയാണ്. അവർ ഡൽഹി സർക്കാർ സ്കൂളിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നും ട്യൂഷൻ ഫീസ് ഉൾപ്പെടെ പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ആ സ്ത്രീക്ക് സ്വയം സമ്പാദിക്കാനും കുട്ടിയെ പരിപാലിക്കാനും കഴിവുണ്ടെന്നും, തന്നെ ഉപദ്രവിക്കാൻ വേണ്ടി മാത്രമാണ് കേസ് ഫയൽ ചെയ്തതെന്നും അയാൾ അവകാശപ്പെട്ടു. 'സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടുപോയതാണ്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ബന്ധം പുനരാരംഭിച്ചില്ല. ഇനിയും അവരോടും കുട്ടിയോടുമൊപ്പം താമസിക്കാൻ തയ്യാറാണ്' അയാൾ പറഞ്ഞു.

താൻ ഹരിയാനയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണെന്നും പ്രതിമാസം 10,000 മുതൽ 15,000 രൂപ വരെ മാത്രമാണ് സമ്പാദിക്കുന്നതെന്നും അതിനാൽ വിചാരണ കോടതിയുടെ ഇടക്കാല ജീവനാംശ ഉത്തരവ് പാലിക്കാൻ കഴിയുന്നില്ലെന്നും അയാൾ ചൂണ്ടിക്കാട്ടി. മറുവശത്ത്, കുട്ടിയോടുള്ള ഉത്തരവാദിത്തങ്ങൾ കാരണം തനിക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന് സ്ത്രീയും പറയുന്നു.

'തന്റെ മുൻകാല ജോലി ശരിയായ ജീവനാംശം നിഷേധിക്കാൻ സാധുവായ കാരണമല്ല. യാത്ര ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതിനാലും വീടിനടുത്ത് ജോലി കണ്ടെത്താൻ കഴിയാത്തതിനാലുമാണ് അധ്യാപന ജീവിതം ഉപേക്ഷിച്ചത്' സ്ത്രീ പറഞ്ഞു. സ്ത്രീയുടെ വിശദീകരണം ന്യായയുക്തമാണ് എന്ന് നിരീക്ഷിച്ച കോടതി അവരുടെ വാദം അംഗീകരിച്ചു.

Tags:    
News Summary - Woman Who Quits Job To Look After Child Entitled To Alimony: Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.