ന്യൂഡൽഹി: ബിഹാറിൽ നിന്നുള്ള രാജ്യസഭാസീറ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു കോൺഗ്രസിനെതിരെ വിമർശവുമായി ആർ.ജെ.ഡി. ബിഹാറിലെ ഒരു സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എം.എൽ.എമാരും രാഷ്ട്രീയ ജനതാദളിലെ ഒരംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് എൻ.ഡി.എ വിജയിക്കുകയായിരുന്നു. ഇതോടെയാണ് പരാജയത്തിന് കാരണം കോൺഗ്രസ് ആണെന്ന ആരോപണവുമായി ആർ.ജെ.ഡി രംഗത്തെത്തിയത്. ബിഹാർ നിയമസഭയിൽ അംഗങ്ങളുടെ എണ്ണത്തിന്‍റെ അടസിഥാനത്തിൽ ജെ.ഡി.യു.വിന്റെ നിതീഷ് കുമാർ, രാംനാഥ് താക്കൂർ, നിതിൻ നബിൻ, ബി.ജെ.പിയുടെ ശിവം കുമാർ എന്നിവരുടെ വിജയം ഉറപ്പാക്കിയിരുന്നു. അഞ്ചാമത്തെ സീറ്റിലേക്ക് എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മഞ്ച് നേതാവ് ഉപേന്ദ്ര കുശ്വാഹയും ആർ.ജെ.ഡി.യുടെ എ.ഡി സിങുമായിരുന്നു മത്സരിച്ചത്. എന്നാൽ ഇതും എൻ.ഡി.എക്ക് ലഭിച്ചു. കുശ്വാഹ വിജയിക്കുമെന്ന് എൻ.ഡി.എ നേരത്തെ ഉറപ്പിച്ചിരുന്നു. 35 എം.എൽ.എമാരുണ്ടായിരുന്ന മഹാസഖ്യം ആവശ്യമായ 41 എണ്ണം നേടുന്നതിന് എ.ഐ.എം.ഐ.എമ്മിൽ നിന്നുള്ള അഞ്ച് എം.എൽ.എമാരുടെയും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിൽ നിന്നുള്ള ഒരു എം.എൽ.എയുടെയും പിന്തുണ നേടിയിരുന്നു. എ.ഐ.എം.ഐ.എം ആർ.ജെ.ഡിക്ക് പിന്തുണ നൽകുകയും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബി. എസ്.പി അംഗവും ആർ.ജെ.ഡിക്കൊപ്പം നിന്നു. എന്നാൽ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ മൂന്ന് പേർ - മനോജ് ബിശ്വാസ്, മനോഹർ പ്രസാദ് സിങ്, സുരേന്ദ്ര കുശ്വാഹ - വോട്ടെടുപ്പിന് ഹാജരായില്ല, ആർ.ജെ.ഡി.യുടെ ഫൈസൽ റഹ്മാനും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. ഇതോടെ ബീഹാറിൽ കോൺഗ്രസ് കാരണം വീണ്ടും തേജസ്വി യാദവിന് തോൽവി നേരിടേണ്ടി വന്നുവെന്ന പ്രചാരണം ശക്തമാവുകയായിരുന്നു. എ.ഐ.എം.ഐ.എമ്മിനെ കൂടെകൂട്ടാൻ തേജസ്വി യാദവ് ജൂനിയർ അക്ഷീണം പരിശ്രമിച്ചിരുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും പരസ്പരം മത്സരിച്ചിരുന്നെങ്കിലും എ.ഐ.എം.ഐ.എം നേതാവ് അഖ്തറുൽ ഇമാൻ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമല്ലാത്ത ബി.എസ്.പിയുടെ ഏക എം.എൽ.എ പിന്തുണ നേടുന്നതിലും തേജസ്വി വിജയിച്ചിരുന്നു. ഐ.ഐ.പിയിലെ ഏക എം.എൽ.എയായ ഐ.പി ഗുപ്തയുടെ പിന്തുണയും അദ്ദേഹം നേടിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതായി തേജസ്വി യാദവ് പറഞ്ഞു. തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാത്തവരെയും ഹാജരാകാതിരുന്നവരെയും അവർ വിലക്കെടുക്കുയായിരുന്നു എന്നും എന്നും അദ്ദേഹം ആരോപിച്ചു. എങ്കിലും ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ എം.എൽ.എമാരെ കൂടെനിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുസഖ്യകക്ഷികളും തമ്മിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു. ആർ.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ കോൺഗ്രസ് വളരെക്കാലം നീട്ടിക്കൊണ്ടുപോയി, അവസാന നിമിഷം വരെ, ഏത് പാർട്ടി ഏത് സീറ്റിൽ മത്സരിക്കുമെന്ന് വ്യക്തമല്ലായിരുന്നു. ഡസൻ സീറ്റുകളിൽ ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുകയും പിന്നീട് പരാജയപ്പെടുകയും ചെയ്തു. "അധികാർ യാത്ര" യാത്രിലൂടെ കോൺഗ്രസിസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡിയുടെ തേജസ്വി യാദവും ബിഹാറിലുടനീളം മഹാസഖ്യത്തിന് അനുകൂലമായി വളർത്തിയെടുത്ത തരംഗം പോലും സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വവും കാലതാമസവും കാരണം പാഴാവുകായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.