ന്യൂഡൽഹി: ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്ക് 36 അധിക സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിദേശയാത്രക്കാരുടെ തിരക്ക് വർധിച്ചതിനാലാണ് ഇത്തരമൊരുനീക്കം.
മാർച്ച് 19 മുതൽ 28വരെ ഡൽഹി-ലണ്ടൻ, മുംബൈ-ലണ്ടൻ, ഡൽഹി-ഫ്രാങ്ക്ഫർട്ട്, ഡൽഹി-സൂറിച്ച്, ഡൽഹി-ടൊറന്‍റൊ എന്നീ റൂട്ടുകളിലാണ് അധിക സർവീസുകൾ നടത്തുക. ഈ അഞ്ച് റൂട്ടുകളിലായി 10,012 സീറ്റുകൾ അധികമായി ലഭ്യമാകും. നേരത്തെ മാർച്ച് 10 നും 18 നും ഇടയിൽ ഒമ്പത് റൂട്ടുകളിലായി 78 അധിക സർവീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ-ഇറാൻയുദ്ധത്തെതുടർന്ന് പശ്ചിമേഷ‍്യയിലെ പല രാജ്യങ്ങളും വ്യോമപാത അടച്ചതോടെ വിമാനങ്ങൾക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. നിലവിൽ ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കി ഈജിപ്ത് വഴിയാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.
വഴിതിരിച്ചുവിടുന്നത് കാരണം യാത്രാ സമയം വർധിക്കുകയും ടിക്കറ്റ് നിരക്ക് കുത്തനെ കൂടുകയും ചെയ്തു. കൂടാതെ ഇന്ധനവില വർദ്ധനവും വിമാനക്കമ്പനികളെ ബാധിച്ചിട്ടുണ്ട്. യാത്രാ ദൈർഘ്യം പരിഗണിച്ച് എയർ ഇന്ത്യ പൈലറ്റുമാരുടെ ജോലി സമയത്തിൽ ഡി.ജി.സി.എ ഏപ്രിൽ 30 വരെ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുകൾ എന്നിവയിൽ ഇതിനോടകം ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.