ടി.വി കാണുന്നതിനെച്ചൊല്ലി തർക്കം; അച്ഛനെ പിന്തുണച്ച മൂന്നുവയസുകാരിയെ കൊന്ന് മാതാവ്

ബംഗളൂരു: ടി.വിയിൽ വാർത്ത ചാനൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെ പിന്തുണച്ച മകളെ ക്രൂരമായി കൊലപ്പെടുത്തി മാതാവ്. ബംഗളൂരുവിലെ അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്നു വയസ് മാത്രമുള്ള സ്വന്തം മകളെയാണ് മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും 26കാരിയുമായ സുധ അറസ്റ്റിലായി.

കൂലിപ്പണിക്കാരനായ ഈരണ്ണ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്താറുണ്ട്. ചൊവ്വാഴ്ചയും ഇത്തരത്തിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഈരണ്ണ ടി.വിയിൽ വാർത്താ ചാനൽ വെച്ചു. ഇത് സുധ ചോദ്യം ചെയ്യുകയും തർക്കം ആരംഭിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന മൂന്നു വയസുകാരി മകൾ അച്ഛനെ പിന്തുണക്കുകയും അമ്മയോട് മിണ്ടാതിരിക്കാൻ പറയുകയും ചെയ്തത്രെ. ഇതിൽ പ്രകോപിതയായ സുധ മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു -ഡെപ്യൂട്ടി കമീഷ്ണർ സഞ്ജീവ് എം. പാട്ടീൽ പറഞ്ഞു. തുടർന്ന് മകളെ കാണാനില്ലെന്ന് സുധ പൊലീസിൽ പരാതി നൽകി.

പിറ്റേന്ന് നഗർഭവിക്ക് സമീപം പണി നടക്കുന്ന കെട്ടിടത്തിനടുത്ത് നിന്നും ഒരു കുഞ്ഞിെൻറ മൃതദേഹം നാട്ടുകാർ കണ്ടെത്തി. സുധയും ഈരണ്ണയും സ്ഥലത്തെത്തി മകളെ തിരിച്ചറിയുകയും ചെയ്തു.

എന്നാൽ, സുധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയും സുധ കുറ്റസമ്മതം നടത്തുകയുമായിരുന്നു. മകൾക്ക് തന്നെക്കാൾ ഇഷ്ടം ഈരണ്ണയെ ആയിരുന്നെന്ന് സുധ പൊലീസിനോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.