ന്യൂഡൽഹി: 2027ലെ സെൻസസിൽ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായിരിക്കുമെന്നും ഇവ സർക്കാർ പദ്ധതികൾക്കോ വിവരാവകാശ നിയമപ്രകാരമുള്ള ആവശ്യങ്ങൾക്കോ ഉപയോഗിക്കാനോ കൈമാറാനോ ആവില്ലെന്നും രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ പറഞ്ഞു. വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണ് സെൻസസ് നിയമത്തിലെ 15ാം വകുപ്പ് പ്രകാരം ഓരോ പൗരന്റെയും മറുപടികൾക്ക് നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 16ാം സെൻസസിന്റെ ആദ്യഘട്ടം ഏപ്രിൽ ഒന്നു മുതൽ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ആരംഭിച്ചു. സെൻസസിനായി വ്യക്തിഗത വിവരങ്ങൾ കോടതികളിൽ തെളിവായി ഉപയോഗിക്കാനോ സർക്കാർ-സ്വകാര്യ ഏജൻസികൾക്ക് കൈമാറാനോ കഴിയില്ല. സെൻസസിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിനായി മാത്രമാണ് ഉപയോഗിക്കുക. ഏതെങ്കിലും സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഈ രേഖകൾ അടിസ്ഥാനമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായി സെൻസസിൽ 'സെൽഫ് എന്യൂമറേഷൻ' സംവിധാനം ഏർപ്പെടുത്തും. വീട് കണക്കെടുപ്പ് തുടങ്ങുന്നതിനുമുമ്പുള്ള 15 ദിവസത്തെ വിൻഡോ പീരിയഡിൽ പൗരന്മാർക്ക് ഡിജിറ്റലായി വിവരങ്ങൾ സ്വയം സമർപ്പിക്കാനാകും. നേരത്തെ പേപ്പറിലായിരുന്നു വിവരങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ ഇത്തവണ മൊബൈൽ ആപ് വഴിയുള്ള ഡിജിറ്റൽ ശേഖരണം വിവരങ്ങൾ വേഗത്തിൽ അധികൃതർക്ക് ലഭ്യമാക്കാൻ സഹായിക്കും. 2027ഓടെ തന്നെ പല ഡേറ്റ സെറ്റുകളും പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻസസ് നടപടികൾക്കായി പൗരന്മാർ ഒരു രേഖയും ഹാജരാക്കേണ്ടതില്ലെന്നതാണ് പ്രധാനപ്പെട്ടത്. വിദേശത്ത് താമസിക്കുന്നവർക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യമുണ്ടാകില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ല. ഇതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.