ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും റെയിൽവേ ശൃംഖല ആധുനികീകരിക്കുന്നതിനുമായി 2026-27 സാമ്പത്തിക വർഷത്തിൽ വൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങളിലെ മാറ്റം, പുതിയ ട്രെയിനുകളുടെ അവതരണം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണ്ണായക പ്രഖ്യാപനങ്ങളാണ് റെയിൽവേ മന്ത്രാലയം നടത്തിയിരിക്കുന്നത്.
2026 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടിക്കറ്റ് റദ്ദാക്കൽ നയം അനുസരിച്ച്, യാത്രക്ക് 8 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. പുതിയ നിയമപ്രകാരം ടിക്കറ്റ് റദ്ദാക്കുന്ന സമയത്തിനനുസരിച്ച് നിരക്കിൽ പിഴ ഈടാക്കും.
72 മണിക്കൂറിന് മുമ്പ്: ടിക്കറ്റ് റദ്ദാക്കിയാൽ പരമാവധി റീഫണ്ട് ലഭിക്കും.
72 മുതൽ 24 മണിക്കൂർ വരെ: ടിക്കറ്റ് തുകയുടെ 25% പിഴയായി ഈടാക്കും.
24 മുതൽ 8 മണിക്കൂർ വരെ: ടിക്കറ്റ് തുകയുടെ 50% പിഴയായി ഈടാക്കും.
8 മണിക്കൂറിൽ താഴെ: യാതൊരു റീഫണ്ടും ലഭിക്കില്ല.
ഇനി മുതൽ റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് എടുത്ത ടിക്കറ്റുകൾ രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നും റദ്ദാക്കാൻ യാത്രക്കാർക്ക് സാധിക്കും. നിലവിൽ യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ നേരിട്ടെത്തി മാത്രമേ ടിക്കറ്റ് റദ്ദാക്കാൻ കഴിയുമായിരുന്നുള്ളൂ. യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന ഈ പുതിയ സംവിധാനം വൈകാതെ തന്നെ പ്രാബല്യത്തിൽ വരും.
ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ യാത്രാ ക്ലാസ് ഉയർത്തുന്നതിന്കൂടുതൽ സമയം അനുവദിച്ചുകൊണ്ട് റെയിൽവേ പുതിയ തീരുമാനം കൈക്കൊണ്ടു. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ക്ലാസ് മാറ്റാൻ യാത്രക്കാർക്ക് സാധിക്കും. നിലവിൽ ട്രെയിനിന്റെ റിസർവേഷൻ ചാർട്ട് തയാറാക്കുന്നതിന് മുമ്പ് മാത്രമായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്. ഈ സൗകര്യം വൈകാതെ തന്നെ നിലവിൽ വരും.
ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമായി ബോർഡിങ് പോയിന്റ് (കയറേണ്ട സ്റ്റേഷൻ) മാറ്റുന്നതിനുള്ള നിയമങ്ങളിൽ റെയിൽവേ ഇളവ് വരുത്തുന്നു. ട്രെയിൻ അതിന്റെ ആദ്യ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ ഡിജിറ്റലായി മാറ്റാൻ സാധിക്കും. നിശ്ചയിച്ച സ്റ്റേഷനിൽ നിന്ന് ട്രെയിൻ പിടിക്കാൻ സാധിക്കാത്തവർക്ക്, തൊട്ടടുത്ത സൗകര്യപ്രദമായ സ്റ്റേഷനിലേക്ക് ബോർഡിങ് മാറ്റാനും സ്വന്തം സീറ്റിൽ തന്നെ യാത്ര തുടരാനും ഇതിലൂടെ സാധിക്കും.
ദീർഘദൂര, ഇടത്തരം രാത്രികാല യാത്രകൾ സുഗമമാക്കുന്നതിനായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ റെയിൽവേ അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹൗറ-കാമാഖ്യ റൂട്ടിൽ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ഇത്തരത്തിലുള്ള 12 ട്രെയിനുകൾ കൂടി രാജ്യവ്യാപകമായി സർവീസ് നടത്താനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. 16 കോച്ചുകൾ വീതമുള്ള 80 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളാണ് കമ്പനി നിർമ്മിക്കുക.
ഒസിലേഷൻ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയതോടെ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുന്നതിലേക്ക് ഇന്ത്യൻ റെയിൽവേ ഒരു പടി കൂടി അടുത്തു. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) ആണ് ട്രെയിനിന്റെ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി പരിശോധനകൾ നടത്തിയത്. ബ്രോഡ് ഗേജ് പാതയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ (10 കോച്ചുകൾ)തും ഏറ്റവും കരുത്തുറ്റ (2400 kW)തുമായ ഹൈഡ്രജൻ ട്രെയിനാണിത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വിജയകരമായി നടപ്പിലാക്കിയ സ്ഥിരം യാത്രാ സൗകര്യ കേന്ദ്രത്തിന്റെ മാതൃകയിൽ, രാജ്യത്തെ 75 പ്രധാന സ്റ്റേഷനുകളിൽ കൂടി ഇത്തരം കേന്ദ്രങ്ങൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. ഈ വർഷം തന്നെ ഇവയുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ് ഗേജ് ശൃംഖല പൂർണ്ണമായും വൈദ്യുതീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മന്ത്രാലയം. നിലവിൽ 99.2% പാതകളും വൈദ്യുതീകരിച്ചു കഴിഞ്ഞു. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്. 2026-27 സാമ്പത്തിക വർഷത്തോടെ ഇത് പൂർണ്ണതയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.