മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ഭീഷണി അവസാനിക്കുന്നു; ഇതുവരെ കൊല്ലപ്പെട്ടത് 244 പൊലീസുകാർ; നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് സാന്നിധ്യം ഏതാണ്ട് പൂർണമായും ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദീർഘകാലമായുള്ള പൊലീസ് നടപടികളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇതുവരെ മാവോയിസ്റ്റ് അക്രമണത്തിൽ സംസ്ഥാനത്തെ 244 പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അർധവാർഷിക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നക്സൽ വിരുദ്ധ പോരാട്ടത്തിൽ മുൻപന്തിയിലുള്ള മഹാരാഷ്ട്ര പൊലീസിലെ എലൈറ്റ് വിഭാഗമായ 'സി-60' സേനയിലെ അംഗങ്ങളെ ആദരിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വിഭാഗത്തിൽ മൂന്ന് വർഷം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥർക്ക് 'സി-60 മെഡൽ' നൽകി ആദരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുറ്റാന്വേഷണ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർമിത ബുദ്ധി (എ.ഐ), ബ്ലോക്ക് ചെയിൻ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ നാല് മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്.ഐ.ആർ രജിസ്ട്രേഷൻ മുതൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയുള്ള നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. കഴിഞ്ഞ നാലഞ്ച് വർഷത്തെ കേസുകൾ വിശകലനം ചെയ്യാനും അന്വേഷണത്തിലെ പോരായ്മകൾ കണ്ടെത്താനും എഐ ടൂളുകൾ ഉപയോഗിക്കും. സംസ്ഥാനത്തെ ശിക്ഷാവിധി നിരക്ക് നിലവിൽ 50 ശതമാനമാണെന്നും ഇത് 95 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോറ്റുപോയ കേസുകൾ വിശകലനം ചെയ്യാൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനെ (സി.ഐ.ഡി) ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ ഐ.ഐ.ടിയുടെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു വരികയാണെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി. ഇതിനൊപ്പം ലഹരിമുക്ത കാമ്പസ് കാമ്പയിൻ ശക്തമാക്കാനും റോഡ് അപകടങ്ങൾ കുറക്കാനുമുള്ള നടപടികൾ ഊർജിതമാക്കുമെന്നും മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥർക്കായി 'ഡി.ജി.പി അവാർഡ്' ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Maoist threat ends in Maharashtra; 244 policemen martyred till now; Chief Minister Fadnavis makes a crucial announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.