ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. 5 വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ചെന്നൈയിലെ പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി. വിജയ്‌യെ കൂടാതെ പാർട്ടി പ്രവർത്തകരായ അഞ്ഞൂറോളം പേർക്കെതിരെയും പെരവള്ളൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പെരമ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ റോഡ് ഷോയാണ് കേസിനാധാരം. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിനിടെ വൻ ഗതാഗതക്കുരുക്കുണ്ടാക്കിയെന്നും അനുമതിയില്ലാതെ കൂടുതൽ മൈക്കുകൾ ഉപയോഗിച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. അഞ്ച് മൈക്കുകൾക്ക് മാത്രം അനുമതിയുള്ളപ്പോൾ മുപ്പതോളം മൈക്കുകൾ ഉപയോഗിച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ ക്രമസമാധാന നില തകർന്നുവെന്നും മുഖ്യമന്ത്രി മു.ക. സ്റ്റാലിന് ജനങ്ങളുടെ സുരക്ഷയിൽ താൽപര്യമില്ലെന്നും പ്രചാരണത്തിനിടെ വിജയ് ആരോപിച്ചു. ഇതിനിടെ, ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഉടൻ തന്നെ പ്രസംഗം അവസാനിപ്പിക്കാൻ പൊലീസ് വിജയ്‌യോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, വില്ലിവാക്കത്ത് നിശ്ചയിച്ചിരുന്ന തെരുവോര യോഗം സുരക്ഷ കാരണങ്ങളാൽ റദ്ദാക്കി. എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതിന് കൃത്യമായ വിഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന വിജയ്‌ക്കെതിരെ തുടക്കത്തിൽ തന്നെ കേസെടുത്തത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.