ആസ്തി 1,413 കോടി; ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിമാരിലെ സമ്പന്നൻ

ബംഗളൂരു: കർണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേറ്റതോടെ മുഖ്യമന്ത്രിമാരിലെ സമ്പന്നൻ എന്ന പദവിയും കൈവരിച്ചു. ഡി.കെക്ക് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് രണ്ടാമത്തെ ധനികൻ (931 കോടി). 648 കോടി രൂപയുടെ ആസ്തിയുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മൂന്നാമതാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് 30 കോടിയുടെ ആസ്തിയുണ്ട്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ആസ്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശനാണ്‌ (6.6 കോടി രൂപ).

2023ലെ നിയമസഭ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഡി.കെ. ശിവകുമാർ 1,413 കോടിയുടെ ആസ്തി പ്രഖ്യാപിച്ചത്. ബംഗളൂരു സൗത്തിലെ (പഴയ രാമനഗര ജില്ല) കാർഷിക-വാണിജ്യ ഭൂമി വിലയിലുണ്ടായ വൻ വർധനവ് കാരണം നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഇതിലും ഏറെ ഉയർന്നിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

2025 മേയിലാണ് ഡി.കെയുടെ താല്പര്യപ്രകാരം കോൺഗ്രസ് സർക്കാർ രാമനഗര ജില്ലയെ ‘ബംഗളൂരു സൗത്ത്’ എന്ന് പുനർനാമകരണം ചെയ്തത്. കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം, പേര് മാറ്റത്തോടെ പ്രദേശത്തിന്റെ ഭൂമിവില കുതിച്ചുയരുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഈ ജില്ലയിൽ മാത്രം ശിവകുമാറിന് 71 ഏക്കറിലധികം കൃഷിഭൂമിയുണ്ട്. അദ്ദേഹത്തിന്റെ സഹോദരനും മുൻ എം.പിയുമായ ഡി.കെ. സുരേഷിന് 93.97 ഏക്കർ ഭൂമിയുമുണ്ട്.

അതേസമയം, 10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 106.75 കോടി രൂപ മാത്രമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനത്തിൽ പറയുന്നു. ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തിയാണ് പരിശോധിച്ചത്. 

Tags:    
News Summary - With Rs 1,413 crore in assets, DK Shivakumar is India's richest Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.