വാക്സിനെടുത്താൽ മരിക്കുമെന്ന് ഭയം; കുത്തിവെപ്പിന് മടിച്ച് മധ്യപ്രദേശിലെ ആദിവാസി വിഭാഗങ്ങൾ

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് രണ്ടാം തരംഗം നഗരങ്ങളിലാണ് കൂടുതൽ രോഗികളെ സൃഷ്ടിച്ചതെങ്കിൽ ഇപ്പോഴത് ഗ്രാമപ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും കടക്കുകയാണ്. ആദിവാസി വിഭാഗങ്ങളിലെ കോവിഡ് ബാധയെ കുറിച്ച് കൃത്യമായ കണക്ക് സർക്കാറിന്റെ കൈയിൽ ഇല്ല. എന്നാൽ, രോഗികളുടെയും മരണനിരക്കിലും വലിയ വർധനവ് ഉണ്ടെന്നാണ് ആദിവാസി നേതാക്കൾ പറയുന്നത്.

കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മരിച്ചു പോകുമെന്ന തെറ്റിദ്ധാരണ ആദിവാസികളിൽ വ്യാപകമാണെന്നാണ് റിപ്പോർട്ട്. സിധി ജില്ലയിലെ കോലൻ തോലയിൽ കഴിയുന്ന ആദിവാസികളിൽ നിരവധി പേർ വാക്സിനെടുത്തതിന് പിന്നാലെ അസുബാധിതരായി മരിച്ചുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. " ഇവിടെ ആർക്കും കോവിഡ് ഉണ്ടായിരുന്നില്ല. ആശ ദീദി വന്നാണ് വാക്സിൻ എടുക്കാൻ പറഞ്ഞത്. വാക്സിൻ എടുത്ത പിന്നാലെ ചിലർ അസുഖം വന്ന് മരിച്ചു " - ശങ്ക കോൽ എന്നയാൾ പറയുന്നു. ഇയാൾക്ക് നാല് കുട്ടികളുണ്ട്. ആർക്കും വാക്സിൻ എടുക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

വാക്സിൻ എടുത്തവരുടെ ദേശീയ ശരാശരി 10 ശതമാനമാണ്. എന്നാൽ, ആദിവാസികൾ കൂടുതലുള്ള സിധി ജില്ലയിൽ ഇത് ആറ് ശതമാനമാണ്. അലിരാജ്പൂർ, ജബുവ, ബുറാൻപൂർ, ഖാണ്ട്വ മേഖലകളിലും ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നു.

"കോവിഡ് ഞങ്ങൾക്ക് ബാധിക്കില്ല. എന്നാൽ വാക്സിനെടുത്താൽ ഉറപ്പായാലും മരിക്കും" - സിധിയിലെ 38 കാരിയായ മമത പറയുന്നു. " ആശുപത്രികൾ വ്യാജവാക്സിനാണ് ആദിവാസികൾക്ക് നൽകുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വാക്സിൻ എടുത്തതിന് പിന്നാലെ ഒരുപാട് പേർക്ക് അസുഖം വന്നു. അതിനാൽ ഞാൻ വാക്സിൻ എടുക്കില്ല - ഇവർ പറയുന്നു.

രാഷ്ട്രീയ പക്ഷപാതവും ചിലരെ വാക്സിനിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെ കൊല്ലാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയാണ് വാക്സിനെന്ന് മോദിയുടെ ആരാധകനായ കർഷകൻ പറയുന്നു. മോദിയെ അപകീർത്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഇവർ പറയുന്നു.

ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ വേണ്ടത്ര ഫലം കാണുന്നില്ലെന്നും ആശ വർക്കറായ രുക്മിണി ദേവി പറയുന്നു. ബോധവൽക്കരണത്തിനായി പഞ്ചായത്ത് തലവൻ, സെക്രട്ടറി, ഒരു അധ്യാപകൻ, ആശ വർക്കർ എന്നിവരടങ്ങിയ സമിതിക്ക് രൂപം നൽകിയതായി സിധി ജില്ല പബ്ലിക് റിലേഷൻസ് ഓഫിസർ വ്യക്തമാക്കി.

Tags:    
News Summary - Will Surely Die After COVID Vaccine: Hesitancy in MP Tribal Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.