ഭാര്യക്ക് കോവിഡ്; ഡോക്ടർ പരിശോധനക്കയച്ചത് വീട്ടുജോലിക്കാരിയുടെ സ്രവം 

മധ്യപ്രദേശ്: ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ച സർക്കാർ ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിം​ഗ്രോലിയിലെ ഖുത്തർ ആരോ​ഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിം​ഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവായ ഇദ്ദേഹതതിന്‍റെ ചികിത്സ പൂർത്തിയാക്കിയാലുടൻ നടപടിയെടുക്കുമെന്ന് ബൈധാൻ പൊലീസ് വ്യക്തമാക്കി.

മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഭാര്യക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായി. സ്രവ പരിശോധനക്കായി ഭാര്യയുടെ സ്രവസാമ്പിളിനുപകരം ഇദ്ദേഹം നൽകിയത് ജോലിക്കാരിയുടെ സാമ്പിളാണ്. അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.  

കിഴക്കൻ യു.പിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാം​ഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി. എന്നാൽ ക്വാറന്‍റീനിൽ കഴിയാതെ ഡ്യൂട്ടി തുടരുകയായിരുന്നു. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. 

ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ‌ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ‌ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

Tags:    
News Summary - Wife COVID Positive, Madhya Pradesh Doctor Sends Maid's Sample Instead- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.