കൊൽക്കത്ത/ ഗുവാഹതി: അസം, പശ്ചിമബംഗാൾ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ അങ്ങിങ്ങ് അക്രമം. അവസാനഘട്ടം വോട്ടെടുപ്പ് നടന്ന അസമിൽ 82.33 ശതമാനം പോളിങ് നടന്നേപ്പാൾ ബംഗാളിൽ 77.68 ശതമാനം പേർ വോട്ട് ചെയ്തു.
മൂന്നു ജില്ലകളിലായി 31 സീറ്റുകളിലേക്കായിരുന്നു ബംഗാളിൽ വോട്ടെടുപ്പ്. സൗത്ത് 24 പർഗനാസിൽ 16 സീറ്റ്, ഹൗറയിൽ ഏഴ്, ഹൂഗ്ലിയിൽ എട്ട് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്ക് നേരെ വ്യാപക ആക്രമണം. തൃണമൂൽ സ്ഥാനാർഥി സുജാത മൊണ്ഡാലിനെ കൈയേറ്റം ചെയ്ത കേസിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് ടി.എം.സി പ്രവർത്തകരേയും രണ്ടു ബി.ജെ.പിക്കാരെയുമാണ് അറസ്റ്റ് ചെയ്തത്്. അറസംബാഗിൽനിന്ന് ജനവിധിതേടുന്ന സുജാത, മണ്ഡലത്തിൽപെട്ട അറാൻറിയിലെ ബൂത്തുകൾ സന്ദർശിക്കവെ ബി.ജെ.പിക്കാർ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൂഗ്ലി ജില്ലയിലെ ഗോഘട്ട് മണ്ഡലത്തിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധബി അദക് എന്നയാളാണ് മരിച്ചത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബി.ജെ.പി സ്ഥാനാർഥി പാപിയ അധികാരിയെ ഒരുപറ്റം തൃണമൂൽ പ്രവർത്തകർ കൈയേറ്റം ചെയ്തു. ലുബെറിയയിലെ ആശുപത്രിയിൽ കിടക്കുന്ന പരിക്കേറ്റവരെ സന്ദർശിക്കവെയാണ് ഇവരെ ആക്രമിച്ചത്. ബി.ജെ.പി സ്ഥാനാർഥി താരകേശ്വർ സ്വപൻ ദാസ് ഗുപ്തക്ക് േനരെയും തൃണമൂൽ സ്ഥാനാർഥി ഡോ. നിർമൽ മാജിക്ക് നേരെയും കൈയേറ്റമുണ്ടായി. ഖനാക്കൂൽ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥി നജീബുൽ കരീമിനെ ബി.ജെ.പിക്കാർ ആക്രമിച്ചു. സൗത്ത് 24 പർഗനാസിൽപെട്ട ബിഷ്ണുപൂരിൽ വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്.
അസമിലെ 40 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന അവസാനഘട്ടത്തിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. ഗോലക്ഗഞ്ചിലെ ദിഗൽത്തരി ബൂത്തിൽ ഇരുവിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷം അമർച്ചചെയ്യാൻ പൊലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. ബിലാസിപാറ മണ്ഡലത്തിലെ ഗുപ്തിപാറയിൽ ഒരുപറ്റം ആളുകൾ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചു.
മാസ്ക് വിതരണത്തെ ചൊല്ലിയുള്ള തർക്കമാണ് സുരക്ഷാജീവനക്കാർക്ക് നേരെയുള്ള ആക്രമണത്തിന് കാരണം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇവിടെ പൊലീസ് ലാത്തിവീശി. വോട്ടുയന്ത്രം തകരാറിലായതിനാൽ പലയിടത്തും വോട്ടെടുപ്പ് വൈകി. ബോഗെയ്ഗാവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.