ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ഏറ്റവും വലിയ തിരിച്ചടിയായത് ഇന്ത്യയിലെ അടുക്കളകളിലെന്ന് റിപ്പോർട്ട്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തിനു പിന്നാലെ, ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക ഉപയോഗം ഗണ്യമായി കുറഞ്ഞു.
എൽ.പി.ജി ഉൾപ്പെടെ ചരക്കുകപ്പലുകളുടെ യാത്ര അനിശ്ചിതത്വത്തിലായപ്പോൾ മാർച്ച് മാസത്തിൽ ഇന്ത്യയിലെ ഗാർഹിക, വാണിജ്യ പാചകവാതകങ്ങളുടെ ഉപയോഗം 13 ശതമാനം കുറഞ്ഞതായി കേന്ദ്ര സർക്കാറിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) റിപ്പോർട്ടിൽ പറയുന്നു. 2025 മാർച്ചിൽ രാജ്യത്തെ എൽ.പി.ജി ഉപയോഗം 2.729 ദശലക്ഷം ടൺ ആയിരുന്നെങ്കിൽ, യുദ്ധം അനിശ്ചിതത്വം വിതച്ച ഈ വർഷം മാർച്ചിൽ ഇത് 2.379 ദശലക്ഷം ടൺ ആയി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് ഉപയോഗത്തിൽ കുറവുണ്ടായത്. ആവശ്യമുള്ളതിന്റെ 60 ശതമാനം എൽ.പി.ജിയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഇതിൽ വലിയൊരു പങ്കും ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള പാചകവാതക ഇറക്കുമതി യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് നിയന്ത്രണങ്ങളോടെ ലഭ്യത ഉറപ്പാക്കിയപ്പോൾ, ഹോട്ടൽ, വ്യവസായികം തുടങ്ങിയ മേഖലകളിൽ ക്ഷാമം രൂക്ഷമായി.
ഗാർഹിക പാചകവാതക വിതരണം 8.1 ശതമാനവും, ഗാർഹികേതര വിതരണം 48 ശതമാവനവും, വൻകിട-വ്യവസായിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം 75.5 ശതമാനവും തടസ്സപ്പെട്ടു. ഇറക്കുമതി കുറഞ്ഞപ്പോൾ, ആഭ്യന്തര എൽ.പി.ജി ഉൽപാദനം ഗണ്യമായി വർധിക്കുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. 11 ലക്ഷം ടണിൽനിന്ന് ഈ കഴിഞ്ഞ മാർച്ചിൽ 14 ലക്ഷം ടൺ ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.