ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിച്ച നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ലോക്സഭയുടെ പതിവ് നടപടികൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ലോക്സഭാംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നിന്റെ വിശ്വാസ്യതയെ തകർത്തിരിക്കുകയാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് ഇത്തരം സംഭവങ്ങൾ തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾക്കിടയിലും വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പ്രവർത്തനത്തിലെ ഗുരുതര വീഴ്ചകളെയും സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളെയും തുറന്നുകാട്ടുന്നതാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ദേശീയതല പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രാമീണ മേഖലയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും വിദ്യാർത്ഥികളാണ് ഇത്തരം ക്രമക്കേടുകളുടെ ഏറ്റവും വലിയ ഇരകളാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ എം.പി., സമത്വവും മെറിറ്റും അടിസ്ഥാനമാക്കിയുള്ള പ്രവേശന സംവിധാനത്തിന് ഇത് ഗുരുതരമായ തിരിച്ചടിയാണെന്നും പറഞ്ഞു.
ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് സമഗ്രവും സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തുക, സുരക്ഷാ വീഴ്ചകൾക്കും ഭരണപരമായ പാളിച്ചകൾക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പരീക്ഷാ മാഫിയയെയും ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ദേശീയതല പ്രവേശന പരീക്ഷകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിയമപരവും സാങ്കേതികവും സ്ഥാപനപരവുമായ പരിഷ്കാരങ്ങൾ നടപ്പാക്കുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ സമഗ്രമായ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കി വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസം പുനഃസ്ഥാപിക്കുക എന്നിവ ഉറപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി വലിയ പൊതുപ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് അടിയന്തരമായി ചർച്ച ചെയ്യണമെന്നും വിദ്യാർത്ഥികളുടെ ഭാവിയും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണം എന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, സോനം വാങ്ച്ചുകിനെ അനധികൃതമായി തടഞ്ഞു വച്ചതിനെക്കുറിച്ചും ലോക്സഭയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി ലോകസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി
രാജ്യസഭയിൽ ഇന്ന് നടക്കേണ്ട നടപടികൾ നിർത്തിവെച്ച്, ജന്തർ മന്തറിൽ വെച്ച് സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതും ബലമായി നീക്കം ചെയ്തതും ചർച്ച ചെയ്യണമെന്നും, നീറ്റ് പേപ്പർ ചോർച്ചയുൾപ്പെടെയുള്ള രാജ്യവ്യാപകമായ പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി റൂൾ 267 പ്രകാരം നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.