സഭയിൽ വരാൻ മടിച്ച് വൻകിട പാർട്ടികൾ; ബജറ്റ് സമ്മേളനത്തിൽ പകുതിയിലധികം എം.പിമാരും മുങ്ങിയെന്ന് റിപ്പോർട്ട്, കണക്കിൽ സഭ കാണാത്ത ജനപ്രതിനിധികളും

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള പകുതിയിലധികം ജനപ്രതിനിധികളും കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കൃത്യമായി പങ്കെടുത്തില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ലോകസഭയിലെയും രാജ്യസഭയിലെയും ആകെ എം.പിമാരിൽ പകുതിയിൽ താഴെ പേർ മാത്രമാണ് 90 ശതമാനത്തിലധികം ദിവസങ്ങളിലും സഭയിലെത്തിയത്. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (CHRI) നടത്തിയ പഠനത്തിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ജനപ്രതിനിധികളുടെ ഈ അലംഭാവം പുറത്തുവന്നത്.

വലിയ പാർട്ടികൾ പിന്നിൽ; ചെറിയ പാർട്ടികൾ മുന്നിൽ

ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ വൻകിട പാർട്ടികളേക്കാൾ സഭയിലെ ഹാജർ നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് പ്രാദേശിക-ചെറിയ പാർട്ടികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ജനുവരി 28 മുതൽ ഏപ്രിൽ 18 വരെ നടന്ന 31 സഭാനടപടികളാണ് പഠനവിധേയമാക്കിയത്.

ലോകസഭയിൽ ബി.ജെ.പി അംഗങ്ങളുടെ ശരാശരി ഹാജർ 26.46 ദിവസവും കോൺഗ്രസിന്റേത് 23.13 ദിവസവുമാണ്. എന്നാൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി.യു (27.91), ടി.ഡി.പി (27.8) എന്നിവർ ഭരണകക്ഷിയേക്കാൾ മുന്നിലാണ്. പ്രതിപക്ഷ നിരയിൽ സമാജ്‌വാദി പാർട്ടി (28.43) മികച്ച ഹാജർ നില രേഖപ്പെടുത്തിയപ്പോൾ, തൃണമൂൽ കോൺഗ്രസ് (15 ദിവസം), ഡി.എം.കെ (14.64 ദിവസം) എന്നിവരാണ് ഏറ്റവും പിന്നിൽ. ആർ.എൽ.ഡി, ആർ.എൽ.പി എന്നീ ചെറുകക്ഷികളുടെ എം.പിമാർ 100 ശതമാനം ഹാജരും രേഖപ്പെടുത്തി. രാജ്യസഭയിലും ഇതേ അവസ്ഥയാണ്. ബി.ജെ.പിക്ക് 84.39 ശതമാനവും കോൺഗ്രസിന് 80.66 ശതമാനവുമാണ് ഹാജർ. ബിജു ജനതാദൾ (93.28%), ബി.എസ്.പി, കശ്മീർ നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളാണ് മുകൾസഭയിൽ മുന്നിട്ടുനിൽക്കുന്നത്.

കേരളം എവിടെ?

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ ലോകസഭയിൽ ഉത്തരാഖണ്ഡ് (30.5 ദിവസം), ഡൽഹി (30 ദിവസം), രാജസ്ഥാൻ (29.75 ദിവസം) എന്നിവരാണ് ഏറ്റവും മുന്നിൽ. അതേസമയം, ഏറ്റവും കുറവ് ഹാജരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലാണ്. ആസാം (15.69), പശ്ചിമ ബംഗാൾ (16.03), തമിഴ്‌നാട് (17.41) എന്നിവർക്ക് തൊട്ടുപിന്നിൽ 18.74 ദിവസത്തെ ശരാശരി ഹാജരുമായി കേരളവുമുണ്ട്. രാജ്യസഭയിൽ ഡൽഹി 99.67 ശതമാനം ഹാജരുമായി ഒന്നാമതെത്തിയപ്പോൾ പശ്ചിമ ബംഗാൾ (42.04%) ആണ് ഏറ്റവും പിന്നിൽ.

പൂർണ്ണമായി വിട്ടുനിന്നവർ

ഒരു ദിവസം പോലും സഭയിൽ വരാത്ത ജനപ്രതിനിധികളും ഇരുസഭകളിലുമുണ്ട്. ജയിലിൽ കഴിയുന്ന അമിത്പാൽ സിംഗ്, ബി.ജെ.പിയുടെ സി.ആർ. പാട്ടീൽ, കോൺഗ്രസിന്റെ രാധാകൃഷ്ണ എന്നിവർ ലോകസഭയിൽ പൂർണ്ണമായും അബ്സെന്റായിരുന്നു. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ബാബുൽ സുപ്രിയോ ഉൾപ്പെടെ ആറ് പേർക്ക് പൂജ്യം ഹാജരാണുള്ളത്. എന്നാൽ ഇവർ ഏപ്രിലിൽ മാത്രം തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.

ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടം

രാജ്യത്തിന്റെ പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാർ, ഇരുസഭകളിലെയും അധ്യക്ഷന്മാർ (സ്പീക്കർ, ചെയർമാൻ) എന്നിവർക്ക് പ്രതിദിന ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കേണ്ടതില്ല. അതിനാൽ ഇവരുടെ ഹാജർ നില ഈ പഠനത്തിൽ ഉൾപ്പെട്ടിട്ടില്ല. ഇത് ഭരണാധികാരികളുടെ ഉത്തരവാദിത്തം കൃത്യമായി വിലയിരുത്തുന്നതിന് തടസ്സമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സി.എച്ച്.ആർ.ഐ ഡയറക്ടർ വെങ്കിടേഷ് നായക് ചൂണ്ടിക്കാണിക്കുന്നു.

എം.പിമാർ സഭയിൽ വന്ന് ഒപ്പിട്ട ശേഷം മുങ്ങുന്ന പ്രവണത തടയാൻ പണ്ട് നിലവിലുണ്ടായിരുന്ന 'മണിക്കൂർ തിരിച്ചുള്ള ഹാജർ നില' പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന പാർലമെന്റിൽ ജനപ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കാൻ ലോകസഭയും രാജ്യസഭയും കൃത്യമായ കാരണങ്ങൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന ശുപാർശയും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.

Tags:    
News Summary - Big parties reluctant to come to the House; Study report says more than half of MPs absent during the Budget Session, including representatives not present in the House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.