ജി.വി. മാർക്കണ്ഡേയൻ
തൂത്തുക്കുടി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡി.എം.കെ എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് കോവിൽപട്ടിയിൽ നടന്ന ഒരു നന്ദി പ്രകാശന യോഗത്തിനിടെയാണ് വിളാത്തികുളം നിയോജക മണ്ഡലത്തിലെ എം.എൽ.എയായ മാർക്കണ്ഡേയൻ മുഖ്യമന്ത്രിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്.
കോവിൽപട്ടിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി വിജയ്ക്കെതിരെ മാർക്കണ്ഡേയൻ തികച്ചും പ്രകോപനപരവും വിവാദപരവുമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. നിയമസഭക്കുള്ളിൽ വെച്ച് മുഖ്യമന്ത്രിയുടെ അസ്ഥികൾ തല്ലിയൊടിക്കുമെന്ന രീതിയിലാണ് എം.എൽ.എ ഭീഷണി മുഴക്കിയത്. ഈ പ്രസംഗത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണിയെ തുടർന്ന് തമിഴക വെട്രി കഴകം നോർത്ത് ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. കാസിരാമൻ തൂത്തുക്കുടി എസ്.പി അഭിഷേക് ഗുപ്തയ്ക്ക് നേരിട്ട് പരാതി നൽകി. എം.എൽ.എക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയുടെ (BNS) 351(3), 352, 353(2) എന്നീ വകുപ്പുകൾ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് മാർക്കണ്ഡേയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെയോടെ വലിയ പൊലീസ് സന്നാഹവുമായി ക്രൈംബ്രാഞ്ച് സംഘം മാർക്കണ്ഡേയന്റെ വസതിയിലെത്തി. എം.എൽ.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെക്കുറിച്ച് അറിഞ്ഞ് നൂറുകണക്കിന് ഡി.എം.കെ പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടുകയും പൊലീസ് നടപടിയെ ശക്തമായി എതിർക്കുകയും ചെയ്തു. തുടർന്ന് പൊലീസും ഡി.എം.കെ കേഡർമാരും തമ്മിൽ വൻ വാക്കേറ്റവും കടുത്ത പ്രതിഷേധവുമുണ്ടായി.
എങ്കിലും ഡി.എം.കെ പ്രവർത്തകരുടെ പ്രതിഷേധം മറികടന്ന്, ഡി.സി.ബി ഇൻസ്പെക്ടർ പി. ജാനകിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാർക്കണ്ഡേയനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കനത്ത സുരക്ഷയിൽ അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിനായി എസ്.പി ഓഫീസിലേക്ക് മാറ്റി. നിലവിൽ എസ്.പി ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് മേഖലയിൽ വലിയ രാഷ്ട്രീയ പിരിമുറുക്കമാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.