ലോക്സഭ
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഉച്ചവരെ നിർത്തിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേട്, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം, ഇ20 ഇന്ധനനയം, രാമക്ഷേത്ര കൊള്ള തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സഭ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു
ചോദ്യോത്തരവേള ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായെത്തിയ അംഗങ്ങൾ അടിയന്തര ചർച്ച ആവശ്യപ്പെട്ടെങ്കിലും സഭാ നടപടികളുമായി മുന്നോട്ടുപോകാൻ സ്പീക്കർ ഓം ബിർള ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പ്രതിഷേധം തുടരുകയും പ്രതിപക്ഷ അംഗങ്ങൾ ബഹളം വെക്കുകയും ചെയ്തതോടെയാണ് സഭ ഉച്ചവരെ നിർത്തിവെച്ചത്.
കോൺഗ്രസും ഇൻഡ്യ മുന്നണിയും രാജ്യത്തെ പ്രധാന പൊതു പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും കേന്ദ്രത്തിൽ നിന്ന് ഉത്തരങ്ങൾ തേടുമെന്നും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്, നീറ്റ് വിവാദം തുടങ്ങിയവ സഭയിൽ ഉന്നയിക്കുമോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയാറായില്ലെന്നും കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആരോപിച്ചു.
മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, നിരവധി സുപ്രധാന ബില്ലുകൾ പാസാക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യം. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവ ഉൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. വന്ദേ മാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ദേശീയ ഗീതത്തെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയായി നൽകാൻ വ്യവസ്ഥ ചെയ്യുന്ന ദേശീയ ബഹുമതികൾക്ക് അപമാനം തടയൽ (ഭേദഗതി) ബില്ലാണ് അമിത് ഷാ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.