'ഗർഭിണിയായി ഇന്ത്യയിൽ ജീവിക്കുക എന്നത് വളരെ പ്രയാസകരം'; അനുഭവം പങ്കുവെച്ച് വിദേശ വനിത, വൈറലായി പോസ്റ്റ്

സ്വന്തം നാടും സംസ്‌കാരവും വിട്ട് മറ്റൊരു രാജ്യത്തായിരിക്കുമ്പോൾ ഗർഭയാത്ര അത്ര എളുപ്പമാകണമെന്നില്ല. ഇന്ത്യയിൽ താമസിക്കുന്ന സോഫിയ എന്ന റഷ്യൻ യുവതിക്ക് തന്റെ ആദ്യ ഗർഭകാലം ഇത്തരത്തിൽ വ്യത്യസ്തമായ ചില സാംസ്കാരിക മാറ്റങ്ങളെയും വെല്ലുവിളികളെയും നേരിടേണ്ടി വന്ന ഒരു അനുഭവമായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സോഫിയ ഈ യാത്രയിലെ കൗതുകങ്ങളും താൻ നേരിട്ട പ്രയാസങ്ങളും പങ്കുവെച്ചത്.

തന്റെ ആദ്യ ഗർഭകാലം ഇന്ത്യയിലായതിൽ താൻ ഭാഗ്യവതിയാണെന്നാണ് സോഫിയ പറയുന്നത്. കാരണം, മുൻപ് മറ്റൊരു രാജ്യത്തെ ഗർഭകാലം അനുഭവിച്ചിട്ടില്ലാത്തതിനാൽ മറ്റൊന്നുമായി താരതമ്യം ചെയ്യേണ്ടി വരുന്നില്ല. എങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് തികച്ചും അപരിചിതമായി തോന്നിയ നാല് പ്രധാന കാര്യങ്ങളെക്കുറിച്ച് സോഫിയ മനസ്സ് തുറക്കുന്നു.

ഇന്ത്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും ശാരീരിക അധ്വാനത്തോടുള്ള സമീപനമാണ് തന്നെ ആദ്യം അത്ഭുതപ്പെടുത്തിയതെന്ന് സോഫിയ പറയുന്നു. ഇന്ത്യയിൽ പലരും വിശ്വസിക്കുന്നത് ഗർഭിണികൾ പൂർണമായും വിശ്രമിക്കണമെന്നും വ്യായാമങ്ങൾ പൂർണമായി ഒഴിവാക്കണമെന്നുമാണ്. എന്നാൽ ഗർഭാവസ്ഥയെ ഒരു രോഗമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സജീവമായിരിക്കാനാണ് തനിക്കിഷ്ടമെന്നും സോഫിയ വ്യക്തമാക്കുന്നു.

മറ്റൊരു പ്രധാന വെല്ലുവിളി വസ്ത്രധാരണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രതികരണമായിരുന്നു. ക്രോപ്പ് ടോപ്പുകൾ ധരിക്കുമ്പോൾ എന്തിനാണ് വയറ് കാണിക്കുന്നത് എന്ന ചോദ്യം പലരിൽ നിന്നും ഉയർന്നു. എന്നാൽ ഈ ശാരീരിക മാറ്റങ്ങളെ മറച്ചുവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ മനോഹരമായ കാലഘട്ടം തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് ആസ്വദിക്കാനാണ് താല്പര്യമെന്നും സോഫിയ പറയുന്നു. ഇന്ത്യയിൽ പൊതുവെ കണ്ണേറ് തട്ടാതിരിക്കാനാണ് ഗർഭിണികളുടെ വയറ് മറച്ചുപിടിക്കുന്നത് എന്ന പരമ്പരാഗത വിശ്വാസവും ഇതിന് പിന്നിലുണ്ട്.

സ്വന്തം രാജ്യമല്ലാത്തതിനാൽ തന്നെ മെഡിക്കൽ പരിശോധനകൾക്കും മറ്റും പോകുമ്പോൾ ആശയവിനിമയം നടത്തുന്നത് വലിയൊരു വെല്ലുവിളിയാണ്. ഓരോ മെഡിക്കൽ റിപ്പോർട്ടുകളും വീണ്ടും വീണ്ടും വായിച്ചു നോക്കേണ്ടി വരുന്നു. പല വിവരങ്ങളും സ്വന്തമായി തിരഞ്ഞു കണ്ടെത്തേണ്ടി വരുന്നത് മാനസികമായി ഏറെ തളർത്തുന്ന കാര്യമാണെന്ന് അവർ പങ്കുവെക്കുന്നു.

ഇന്ത്യയിലെ അസഹനീയമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. പ്രഭാതഭക്ഷണം ഉണ്ടാക്കുമ്പോഴേക്കും വിയർത്തു കുളിക്കുന്ന അവസ്ഥയാണ്. ഒരു ദിവസം തന്നെ പലതവണ കുളിക്കേണ്ടി വരുന്നു. ചൂട് കാരണം പകൽ സമയങ്ങളിൽ പുറത്തുപോയി അല്പം നടക്കുക എന്നത് പോലും പ്രായോഗികമായി അസാധ്യമാണെന്ന് സോഫിയ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിലെ ജനിതകഘടനയും ശരീരപ്രകൃതിയും പാശ്ചാത്യരിൽ നിന്ന് വ്യത്യസ്തമായതിനാലും, മാസം തികയാതെയുള്ള പ്രസവങ്ങൾ ഇവിടെ കൂടുതലായതിനാലുമാണ് വിശ്രമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ചിലർ കമന്റുകളിലൂടെ പ്രതികരിച്ചു. അതോടൊപ്പം തന്നെ ഒരു വിദേശിയെന്ന നിലയിൽ സോഫിയ പങ്കുവെച്ച കാര്യങ്ങൾ തികച്ചും സ്വാഭാവികമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Tags:    
News Summary - Living in India while pregnant is very difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.