വ്യാജ വിഡിയോയിലെ ദൃശ്യങ്ങൾ
ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഡീപ്‌ഫേക്ക് വീഡിയോ വിശ്വസിച്ച് വ്യാജ നിക്ഷേപ പദ്ധതിക്ക് പണം നൽകിയ ബംഗളൂരു സ്വദേശിക്ക് നഷ്ടമായത് 6.88 ലക്ഷം രൂപ. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
66കാരനായ നാരായണപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിൽ കണ്ട വീഡിയോയിൽ കേന്ദ്ര സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഉയർന്ന ലാഭം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതി ആരംഭിച്ചെന്നായിരുന്നു പ്രചാരണം. നിർമല സീതാരാമന്റെ ഡീപ്ഫേക്ക് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്.
നിക്ഷേപ പദ്ധതിയിൽ ചേരാൻ നിർമല സീതാരാമൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയാറാക്കിയ ഡീപ്‌ഫേക്ക് വീഡിയോ കണ്ടാണ് ഇയാൾ തട്ടിപ്പ് സംഘത്തെ വിശ്വസിച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോയിലെ ലിങ്കിൽ കയറി കെ.വൈ.സി വിവരങ്ങൾ നൽകിയതിനെ തുടർന്ന് യു.കെ കോഡുള്ള (+44) വാട്‌സ്ആപ് നമ്പരിൽ നിന്ന് തട്ടിപ്പുകാർ ഇയാളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് 22,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ആറു ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപ ലഭിക്കുമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്തു. സർക്കാർ പിന്തുണയുള്ള ഔദ്യോഗിക നിക്ഷേപ പദ്ധതിയാണെന്നും അയാളെ വിശ്വസിപ്പിച്ചു. ഇതോടെ മാർച്ച് മുതൽ ജൂൺ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 6.88 ലക്ഷം രൂപ കൈമാറ്റം ചെയ്യുകയായിരുന്നു.
വാഗ്ദാനം ചെയ്ത തുക ലഭിക്കാതിരിക്കുകയും ഇവരെ ബന്ധപ്പെടാൻ കഴിയാതെയും വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ ബംഗളൂരുവിലെ നോർത്ത് -ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലെ നിക്ഷേപ വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.