ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികളെയും വേട്ടയാടുമെന്നും ആരെയും വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ ബോഡോ സമുദായത്തിന്റെ നേതാവായ ഉപേന്ദ്ര നാഥ് ബ്രഹ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാർ ഒരു തീവ്രവാദിയെയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു.
'പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ആരെയും വെറുതെ വിടില്ല. ഓരോ കുറ്റവാളിയെയും ഞങ്ങൾ വേട്ടയാടും. ഭീകരരോട് മോദി സർക്കാർ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പിന്തുടരുന്നത്. ഇത്തരമൊരു ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തി രക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇത് നരേന്ദ്ര മോദിയുടെ സർക്കാറാണ്. ഞങ്ങൾ ആരെയും വെറുതെ വിടില്ല' -അദ്ദേഹം പറഞ്ഞു.
ഭീകരത പൂർണമായും തുടച്ചുനീക്കപ്പെടുന്നതുവരെ സർക്കാഖിന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 26 പേരെ കൊന്നുകൊണ്ട് വിജയിച്ചു എന്ന് കരുതരുത്. ഓരോരുത്തരും ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ആക്രമണം നടന്ന സ്ഥലവും അമിത് ഷാ സന്ദർശിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട്, ഭാരതം ഭീകരതക്ക് മുന്നിൽ വഴങ്ങില്ലെന്നും ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.