വഖഫ് സ്വത്തുക്കളുടെ വ്യാപക കൈയേറ്റത്തിനും അന്യാധീനപ്പെടലിനും വഴിവെക്കുന്ന വിവാദ വഖഫ് ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികളുമായി തടസ്സമില്ലാതെ മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാറിന് വഴിയൊരുക്കിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതം. കേന്ദ്രസർക്കാറിന്റെ ഏതാണ്ട് എല്ലാ വാദങ്ങളും അംഗീകരിച്ച ഇടക്കാല വിധിയിലെ നിരീക്ഷണങ്ങൾ അന്തിമവിധിയെ കുറിച്ചുള്ള പ്രതീക്ഷകളും കെടുത്തുന്നതായി. വിവാദ വ്യവസ്ഥകൾ ബഹുഭൂരിഭാഗവും സ്റ്റേയിൽനിന്ന് രക്ഷപ്പെട്ടതോടെ നഷ്ടപ്പെടുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ കഴിയാതെവരും. സർക്കാറുമായുള്ള വഖഫ് സ്വത്തിന്റെ ഉടമാവകാശ തർക്കത്തിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ജില്ലാ കലക്ടറിൽനിന്ന് മാറ്റി ട്രൈബ്യൂണലുകൾക്ക് നൽകിയത് മാത്രമാണ് ഒരാശ്വാസമെന്ന് പറയാവുന്നത്. എന്നാൽ, അക്കാര്യത്തിലും അന്തിമ തീരുമാനം സുപ്രീംകോടതിയുടെ അന്തിമ വിധിയെ ആശ്രയിച്ചിരിക്കും.
ഇനിയും രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കളുടെ ഭാവിയാണ് ഇടക്കാല ഉത്തരവിലൂടെ ഉയർന്നുവരാൻ പോകുന്ന സുപ്രധാന വിഷയം. ഇനിയും രജിസ്റ്റർ ചെയ്യാത്ത ചില വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിന് വിലക്കുന്ന വ്യവസ്ഥയിലും കേന്ദ്രവാദമാണ് കോടതി എടുത്തത്. ഡീഡ് ഇല്ലാത്ത വഖഫുകളുടെ കാര്യത്തിലാണ് ഏറെ ആശങ്കകളുയരുന്നത്. വഖഫ് രജിസ്ട്രേഷനുള്ള 2025ലെ നിയമത്തിലെ 36 വകുപ്പ് വഖഫ് ഡീഡ് വേണമെന്ന് പറയുന്നുണ്ട്. വഖഫ് നിയമം നിലവിൽവന്ന് മൂന്നുമാസത്തിനകം രജിസ്റ്റർ ചെയ്യാത്ത പഴയ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കണം. അപ്പോൾ ഡീഡ് ഒരു പ്രശ്നമായി വരികയും ഡീഡ് ഇല്ലെങ്കിൽ വഖഫ് അല്ലെന്ന നിലപാട് സർക്കാർ കൈക്കൊള്ളുകയും ചെയ്യും. ‘ഉപയോഗത്താലുള്ള വഖഫി’ന്റെ കാര്യത്തിലും രജിസ്ട്രേഷൻ തടസ്സവാദമായി വരും. പട്ടികവർഗക്കാരായ മുസ്‍ലിംകളെ സ്വന്തം ഭൂമി വഖഫ് ചെയ്യുന്നതിൽനിന്ന് തടയുന്ന വ്യവസ്ഥയും വിവേചനപരമല്ലെന്നും അതിനാൽ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയതോടെ കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും രജിസ്റ്റർ ചെയ്ത നിരവധി വഖഫ് സ്വത്തുക്കളുടെയും ഭാവി തുലാസിലാകും.
ഒരു സ്വത്ത് കൈയേറി 12 വർഷം കൈവശം വെച്ചുകഴിഞ്ഞാൽ അതിൽ ഉടമാവകാശം ഉന്നയിക്കാൻ നിയമപരമായി അനുവദിക്കുന്ന 1963ലെ ‘ലിമിറ്റേഷൻ ആക്ടി’ന്റെ പരിധിയിൽനിന്ന് വഖഫ് സ്വത്തുക്കളെ ഒഴിവാക്കിയിരുന്നു. എന്നാൽ, അങ്ങനെ ഒഴിവാക്കിയത് റദ്ദാക്കി വഖഫ് സ്വത്ത് 12 വർഷം കൈവശം വെച്ചാൽ അതിലും ഏതൊരു വ്യക്തിക്കും ഉടമാവകാശം ഉന്നയിക്കാനുള്ള വഴിയാണ് സുപ്രീംകോടതി തുറന്നിട്ടിരിക്കുന്നത്. ഇതോടെ വഖഫ് സ്വത്തുക്കളിലെ വ്യാപകമായ കൈയേറ്റത്തിനും അതിന് നിയമസാധൂകരണം നൽകാനുമാണ് വഴിയൊരുങ്ങുന്നത്.
1904ലെയും 1958ലെയും പുരാവസ്തു സംരക്ഷണത്തിനുള്ള നിയമപ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വഖഫ് സ്വത്തുക്കൾ വഖഫ് ആയിരിക്കില്ലെന്ന വ്യവസ്ഥയിലും സുപ്രീംകോടതി കൈവെച്ചില്ല. ഇത് മുസ്‍ലിംകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നതിനിടയാക്കും എന്ന വാദം സുപ്രീംകോടതി തള്ളി. മറിച്ച് സംരക്ഷിത സ്മാരകത്തിൽ മുതവല്ലിമാരുടെ ഇടപെടലുകൾ പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നുണ്ടെന്ന് കേന്ദ്രസർക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. 1958ലെ പുരാവസ്തു സംരക്ഷണ നിയമം സംരക്ഷിത സ്മാരകത്തിൽ പൗരന്മാരെ ആചാരപരമായ മത ചടങ്ങുകൾ നടത്താൻ അനുവദിക്കുന്നുണ്ടെന്നും അതിനാൽ മുസ്‍ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുമെന്ന വാദത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.
മുസ്‍ലിംകൾ അല്ലാത്തവർക്കും തങ്ങളുടെ സ്വത്തുക്കൾ വഖഫ് ചെയ്യാൻ അവകാശം നൽകിയ 2013ലെ ഭേദഗതി 2025ൽ എടുത്തുകളഞ്ഞതിലും തെറ്റില്ലെന്ന നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഒരുഭാഗത്ത് വാക്ക് ഇസ്‍ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് വാദിച്ച് അമുസ്‍ലിംകൾക്കും വഖഫ് ചെയ്യാനുള്ള വകുപ്പ് വേണമെന്ന് വാദിക്കുന്നത് വൈരുധ്യമാണെന്ന് കോടതി കുറ്റപ്പെടുത്തി. അതോടെ അമുസ്‍ലിംകൾ മുസ്‍ലിം സമുദായത്തിന്റെ ആരാധനാവശ്യങ്ങൾക്കും ക്ഷേമത്തിനും അടക്കം നൽകുന്ന സ്വത്തുക്കൾക്ക് വഖഫിന്റെ പരിരക്ഷ കിട്ടാതെ പോകും.
വിവാദ ഭേദഗതി നിയമം ചെയ്യണമെന്ന വാദത്തിന് ഉപോൽബലകമായ യാതൊന്നും ഹരജിക്കാരുടെ പക്കൽ ഇല്ലെന്ന് പറഞ്ഞശേഷമാണ് രണ്ടു കക്ഷികളുടെയും താൽപര്യങ്ങളിൽ സന്തുലനത്തിനും തുല്യതക്കും വേണ്ടി ഏതാനും വകുപ്പുകൾ സ്റ്റേ ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തന്റെ വിധിന്യായത്തിൽ വ്യക്തമാക്കിയത്. എന്നാൽ, അപ്പോഴും ‘3 സി’ എന്ന ഒരു വകുപ്പ് മാത്രമാണ് മുസ്‍ലിം സംഘടനകളുടെ ആവശ്യത്തിന് അനുസൃതമായി സ്റ്റേ ചെയ്തത്. തൽക്കാലം സ്റ്റേ ചെയ്തതായി കോടതി പറഞ്ഞ ‘3 ആർ’ വകുപ്പിൽ സുപ്രീംകോടതിയുടെ നിലപാട് ആത്യന്തികമായി സർക്കാറിനൊപ്പമാണ്. ഇത്രയൊക്കെ പറഞ്ഞശേഷമാണ് ഇടക്കാല സ്റ്റേ വേണോ വേണ്ടയോ എന്ന കാര്യത്തിൽ മാത്രമായുള്ള പ്രാഥമിക പരിശോധനയാണ് തങ്ങൾ നടത്തിയതെന്നും അതിനായി പ്രഥമദൃഷ്ട്യാ തങ്ങൾ നടത്തിയ നിരീക്ഷണങ്ങൾ വിവിധ വകുപ്പുകളുടെ സാധുത സംബന്ധിച്ച വാദം നടത്തുന്നതിൽനിന്ന് ഹരജിക്കാരെ തടയുന്നില്ലെന്നും കോടതി ഉപസംഹാരത്തിൽ സമാശ്വസിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.