ന്യൂഡൽഹി: വഖഫ് നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പ്രാഥമിക സത്യവാങ്മൂലം നൽകി. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ റദ്ദാക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്നും സർക്കാർ ആരോപിച്ചു.
പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം സൂചിപ്പിച്ചത്. നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തിൽ ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ കോടതി നേരത്തെ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
2025ലെ വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളണമെന്നായിരുന്നു സത്യവാങ്മൂലത്തിലെ ആവശ്യം. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഷേർഷ സി ശൈഖ് മൊഹിദ്ദിൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.
നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ സ്റ്റേ ചെയ്യുന്നതിനെ കേന്ദ്രം എതിർത്തു. ഭരണഘടനാ കോടതികൾ നേരിട്ടോ അല്ലാതെയോ നിയമപരമായ ഒരു വ്യവസ്ഥ സ്റ്റേ ചെയ്യില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യില്ലെന്നും കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തില്ലെന്നും ഏപ്രിൽ 27ന് സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിരുന്നു. വഖഫ് നിയമം സംബന്ധിച്ച് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച കേസ് മെയ് അഞ്ചിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.