ന്യൂഡൽഹി: പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീംകോടതി വിധി പറയാൻ മാറ്റിവെച്ചതിനിടയിൽ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ചട്ടങ്ങൾ വിജഞാപനം ചെയ്തു. 2025 ഏപ്രിൽ എട്ടു മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിന്റെ ചട്ടം ഈ മാസം മൂന്നിനാണ് വിജഞാപനം ചെയ്തത്. ചട്ടമനുസരിച്ച് സർക്കാറുണ്ടാക്കിയ പോർട്ടലിൽ വഖഫിന്റെ വിശദാംശങ്ങൾ അപ് ലോഡ് ചെയ്യണം. ന്യൂനപക്ഷ മന്ത്രാലയത്തിൽ വഖഫ് ചുമതലയുള്ള കേന്ദ്ര സർക്കാറിന്റെ ജോയന്റ് സെക്രട്ടറിക്കായിരിക്കും പോർട്ടലിന്റെയും ഡേറ്റ ബേസിന്റെയും മേൽനോട്ട, നിയന്ത്രണ ചുമതല. ഓരോ സംസ്ഥാന സർക്കാറുകളും ജോയന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയോഗിക്കണം.
വഖഫ് സർവേ നടത്തി വഖഫ് സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം. ഓരോ വഖഫ് സ്വത്തിന്റെയും അതിരുകൾ, മുതവല്ലി, മാനേജ്മെന്റ് തുടങ്ങിയ വിവരങ്ങൾ പട്ടികയിൽ വേണം. വിജഞാപനം ചെയ്ത വഖഫ് സ്വത്തുക്കളുടെ പട്ടിക 90 ദിവസത്തിനകം പോർട്ടലിലും ഡേറ്റബേസിലും അപ് ലോഡ് ചെയ്യണം. അതിനു കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കി അടുത്ത 90 ദിവസത്തിനകം അപ് ലോഡ് ചെയ്യണം.
ഫോറം -നാല് ഉപയോഗിച്ചാണ് വഖഫ് രജിസ്റ്റർ ചെയ്യേണ്ടത്. വഖഫ് നിയമത്തിന്റെ 48ാം വകുപ്പു പ്രകാരം വഖഫ് സ്വത്തുക്കളുടെ പട്ടിക, പുതിയ വഖഫിന്റെ രജിസ്ട്രേഷൻ, വഖഫ് രജിസ്റ്ററിന്റെ പരിപാലനവും സമർപ്പണവും, വഖഫ് മുതവല്ലിമാരുടെ അക്കൗണ്ട് പരിപാലനം, ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പുതിയ വഖഫ് രജിസ്ട്രേഷൻ, നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ, സ്ഥാപനങ്ങളുടെ ഭരണനിർവഹണം, കോടതി കേസുകൾ, തർക്ക പരിഹാരങ്ങൾ, സർവേകൾ, വികസന പദ്ധതികൾ തുടങ്ങിയ കാര്യങ്ങളിൽ അപ്പപ്പോഴുള്ള വിവരങ്ങൾ വഖഫ് പോർട്ടലിലും ഡേറ്റ ബേസിലും ലഭ്യമാകണം. മൊബൈൽ നമ്പറും ഇ-മെയിലും ഉപയോഗിച്ച് ഓരോ മുതവല്ലിയും പോർട്ടലിലും ഡേറ്റബേസിലും എൻറോൾ ചെയ്യണം. പോർട്ടലിൽനിന്ന് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് കയറിയാൽ വഖഫ് വിശദാംശങ്ങൾ അപ് ലോഡ് ചെയ്യാം. വഖഫ് ബോർഡിനും കലക്ടർക്കും മറ്റു ഉത്തരവാദപ്പെട്ടവർക്കും പോർട്ടൽ നിരീക്ഷിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.