വോട്ടർ പട്ടികയിലെ ആവർത്തനം; രണ്ടുവർഷമായി സോഫ്റ്റ്വെയർ ഉപയോഗിക്കാതെ കമീഷൻ

ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടർ പട്ടികയിൽ 25 ലക്ഷം വ്യാജ വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയതിന് പിന്നാലെ പേരുകളുടെ ആവര്‍ത്തനം കണ്ടെത്തി തടയുന്ന ഡി ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയർ രണ്ട് വർഷമായി കമീഷൻ ഉപയോഗിക്കാത്തത് ചർച്ചയാകുന്നു.

വ്യാജ വോട്ടമാരെ നീക്കാൻ കമീഷന് സോഫ്റ്റ്വെയർ ഉപയോഗിച്ച് രണ്ട് മിനിറ്റ് മതിയെന്നും ബി.ജെ.പി സഹായിക്കാൻ അതു ചെയ്യുന്നില്ലെന്നും വാർത്തസമ്മേളനത്തിൽ രാഹുൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സോഫ്റ്റ്വെയർ രണ്ടുവര്‍ഷമായി കമീഷൻ ഉപയോഗിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സിഡാക്) ആണ് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി സോഫ്റ്റ്വെയർ വികസിപ്പിച്ചത്. ഒരേ ഫോട്ടോ ആവര്‍ത്തിക്കുന്നതും ഒരേ ആള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടറായി എത്തുന്നതും കണ്ടെത്താന്‍ ഉപകരിക്കുന്നതാണ് സോഫ്റ്റ്വെയർ. ഹരിയാനയിൽ 25,41,144 വ്യാജ വോട്ടുകളാണെന്നും അതിൽ 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെന്നും കമീഷന്റെ വോട്ടർ പട്ടികയെ ഉദ്ധരിച്ച് രഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ഹരിയാനയിൽ 16 പരാതികൾ;കമീഷന് മൗനം

ന്യൂഡൽഹി: കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സംസ്ഥാന, പ്രാദേശിക കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന് നൽകിയത് 16 പരാതികൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും കമീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

പഞ്ചാബ്- ഹരിയാന ഹൈകോടതിയിലും കോൺഗ്രസ് നേതാക്കൾ ഹരജികൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും നേതാക്കൾ വ്യക്തമാക്കി. കോൺഗസ് 32 വോട്ടിന് തോറ്റ ഉച്ചാന കലാൻ മണ്ഡലം, 2,595 വോട്ടിന് തോറ്റ ഹോഡൽ മണ്ഡലം ഉൾപ്പെടെ ഇ.വി.എം കൃത്രിമം, പോസ്റ്റൽ ബാലറ്റിൽ തിരിമറി, ഭരണകൂട ഇടപെടൽ അടക്കം വിഷയം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്.

Tags:    
News Summary - Commission has not used software for two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.