സാമുദായിക വിദ്വേഷത്തിൽ മണിപ്പൂർ കത്തിയാളുമ്പോൾ ചർച്ചയാകുന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വാഗ്ദാനങ്ങളും. കലാപം രൂക്ഷമായ മണിപ്പൂരിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകിയിരിക്കുകയാണ്. സാഹചര്യം വഷളായി തുടരുമ്പോൾ ഭരണകക്ഷിയായ ബി.ജെ.പിയാണ് പ്രതിക്കൂട്ടിലുള്ളത്.
സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തേയിയെ പ്രീണിപ്പിക്കാൻ ബി.ജെ.പി നടത്തിയ നീക്കങ്ങളാണ് കലാപത്തിലേക്ക് നയിച്ചത്. സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്.
തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ മണിപ്പൂരിനെ വികസന ഭൂമിയാക്കി മാറ്റാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം. മണിപ്പൂരിന്റെ 25 വർഷത്തെ ഭാവിക്കായി ബിജെ.പിക്ക് വോട്ട് ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ഷൻ പ്രചരണ സമയത്ത് മണിപ്പൂരികളോട് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുന്ന 25 വർഷത്തേക്ക് മണിപ്പൂരിനെ വികസനത്തിലേക്ക് നയിക്കുമെന്നും മോദി അവകാശപ്പെട്ടിരുന്നു. സംസ്ഥാനം സംഘർഷഭൂമിയാകുമ്പോൾ ഈ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി കടുത്ത പരിഹാസമാണ് ഉയരുന്നത്.
ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. മണിപ്പൂരിലെ തീയണക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം മറന്ന് കർണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് പറന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന ആരോപണവും ഉയർന്നു.
ബി.ജെ.പി അധികാരത്തിൽ വന്ന് 15 മാസങ്ങൾക്കകം സംസ്ഥാനത്തെ ഇത്തരത്തിൽ സാമുദായിക സംഘർഷത്തിലേക്ക് നയിച്ചുവെന്നും വോട്ടുരാഷ്ട്രീയക്കളി നടത്തുകയാണെന്നും കോൺഗ്രസും മറ്റു പാർട്ടികളും കുറ്റപ്പെടുത്തി. അധികാരം നിലനിർത്തുന്നതിന് സാമുദായിക ധ്രുവീകരണ അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Attacking congress in the same way you did it for last 9 years no longer work Mr. prime minister @narendramodi 🙊🙊🙊
— 𝗨𝗻𝗻𝗶 𝗞𝗿𝗶𝘀𝗵𝗻𝗮𝗻 (@unni_duva) May 5, 2023
Congress manifesto was clearly good for people and #BJP manifesto was guaranteed of Riots , as #Manipur an Excellent example. pic.twitter.com/o85csKptf1
കലാപ കാരണം
മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വാര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തേയി വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.
സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വാര മേഖലകളിലാണ്. അതുകൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകണമെന്നും കഴിഞ്ഞ മാസം ഹൈകോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി.
പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്. ഇതിനൊപ്പം മറ്റൊരു വിഷയം കൂടി കത്തുകയാണ്.
മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ താഴ്വാര പ്രദേശം കൈയടക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും, ഇത്തരം മേഖലകളിൽ ഒഴിപ്പിക്കലിന് സർക്കാർ മുന്നിട്ടിറങ്ങിയതും സാമുദായിക ചേരിതിരിവുകൾ വർധിപ്പിച്ചു. ഇത് എരിതീയിൽ എണ്ണയായി.
ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ആക്രമിച്ചു
ഇംഫാലില്‍ ബി.ജെ.പി എം.എല്‍.എ വുങ്സാഗിന്‍ വാല്‍ട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് എം.എല്‍.എക്കുനേരെ ജനക്കൂട്ട ആക്രമണം ഉണ്ടായത്. വാല്‍ട്ടെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.
ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായ വാല്‍ട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. എം.എല്‍.എയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തില്‍ നിന്നുള്ളയാളാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്സ് ആൻഡ് ഹില്‍സ് മന്ത്രിയായിരുന്നു.
ടോര്ബിങിൽല് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണങ്ങളില്‍ നിരവധി കടകളും വീടുകളും തകര്‍ക്കുകയും തീ ഇട്ട് നശിപ്പിക്കുകയും ചെയ്തു. അക്രമത്തെത്തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വർവിസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വിവിധ ജില്ലകളിലെ സെക്ഷന്‍ 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രികളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.
ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം തന്റെ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടിയെന്നും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.