നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ കൂട്ടനടപടി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനിരിക്കെ, നാഷനൽ ടെസ്റ്റിങ് എജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി മുഖംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി 47ഓളം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന വിവരം. ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമ നടപടിയും സ്വീകരിച്ചേക്കും.

രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമാണ് അഴിച്ചുപണിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഷ്കാരങ്ങളുടെ ഭാഗമായി, എൻ.ടി.എയുടെ ഔട്ട്‌സോഴ്‌സിങ് രീതികളിലും പ്രവർത്തനങ്ങളിലും സുപ്രധാന മാറ്റമുണ്ടാകും. വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാകും പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുക.

ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എൻ.ടി.എയും ഉടച്ചുവാർക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി കേന്ദ്ര സർക്കാർ എൻ.ടി.എ രൂപവത്കരിച്ചത്. നിലവിൽ ജെ.ഇ.ഇ, നീറ്റ്, സി.യു.ഇ.ടി ഉൾപ്പെടെ ദേശീയ തലത്തിലുള്ള  15ഓളം പ്രവേശന പരീക്ഷകൾ നടത്തുന്നത് എൻ.ടി.എയാണ്.

എൻ.ടി.എയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഭാവിയിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും ഒഴിവാക്കുകയാണ് ലക്ഷ്യം. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ സർക്കാറിന്റെ പരിഗണനയിലില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജിവെക്കുക എന്നത് ഏറ്റവും എളുപ്പമുള്ള തീരുമാനമാണെന്നും അത് ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും ജനവിധി അനുസരിച്ച് ചുമതല പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെയാണ് സി.ജെ.പി. ശനിയാഴ്ച ഉച്ചയോടെ തീരുമാനം അറിയിക്കണമെന്നാണ് കേന്ദ്ര മന്ത്രിമാരുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ സി.ജെ.പി നേതാക്കൾ അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് ചർച്ചയിൽ സി.ജെ.പി പ്രതിനിധികൾ കേന്ദ്രത്തിനുമുന്നിൽ വെച്ചത്.

രാജി ഒഴികെ മറ്റു രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ നാളെ വിവരം അറിയിക്കാമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

Tags:    
News Summary - NTA Set For Comprehensive Overhaul, 47 Officials Likely To Be Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.