ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) അമിതമായി ബലപ്രയോഗം നടത്തിയെന്ന ഗുരുതര ആരോപണത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ 'ചലോ സൻസദ്' മാർച്ചിലാണ് സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളും അരങ്ങേറിയത്.
പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സേനാംഗങ്ങൾ നടത്തിയ നടപടികളും, ഉദ്യോഗസ്ഥർക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായ സംഭവങ്ങളും വിശദമായി പരിശോധിക്കാൻ സെൻട്രൽ റിസർവ് പോലീസ് സേന (സി.ആർ.പി.എഫ്) ആർ.എഫ്.എഫ് ഇൻസ്പെക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭചൂടിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളുടെ യഥാർത്ഥ ക്രമം കണ്ടെത്താനാണ് പ്രത്യേക പരിശോധന.
വസ്തുതകൾ പുറത്തുവന്നയുടൻ ഔദ്യോഗികമായി 'കോർട്ട് ഓഫ് ഇൻക്വയറി' പ്രഖ്യാപിക്കുമെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ വ്യക്തമാക്കി. ജൂലൈ 20-ന് ജന്തർമന്ദറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നീല യൂനിഫോം ധരിച്ച ആർ.എഫ്.എഫ് ഉദ്യോഗസ്ഥർ തോക്കും വടികളും ഉപയോഗിക്കുന്നതിന്റെയും ലാത്തിച്ചാർജ് നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല ഇടപെടൽ. അതേസമയം, ഉദ്യോഗസ്ഥരെ ജനക്കൂട്ടം വളഞ്ഞ് ആക്രമിക്കുന്ന ദൃശ്യങ്ങളും സേനയുടെ പരിശോധനാ പരിധിയിലുണ്ട്.
അതേസമയം, കലാപ നിയന്ത്രണ ആയുധങ്ങളുടെ ഭാഗമായി ആർ.എഫ്.എഫ് 12-ബോർ പമ്പ്-ആക്ഷൻ ഗണ്ണുകൾ (പെല്ലറ്റ് ഗൺ) ഉപയോഗിക്കാറുണ്ട്. ജീവന് ഗുരുതരമായ ഭീഷണി നേരിടുന്ന അതിസങ്കീർണ്ണ ഘട്ടങ്ങളിൽ മാത്രമാണ് ഇവ ഉപയോഗിക്കേണ്ടതെന്നാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) വ്യവസ്ഥ ചെയ്യുന്നത്. പരിക്കുകൾ പരമാവധി കുറയ്ക്കുന്നതിനും ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ മാത്രം പതിക്കാനും ഇത്തരം തോക്കുകൾ ഡിഫ്ലെക്ടറുകൾ ഉപയോഗിച്ചാണ് പ്രയോഗിക്കേണ്ടത്. ജനുവരി 20 മുതൽ കുറഞ്ഞത് രണ്ട് വിദ്യാർഥികളെയെങ്കിലും പെല്ലറ്റ് തോക്കേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡൽഹി പൊലീസ് തങ്ങളുടെ പക്കൽ പെല്ലറ്റ് ഗണ്ണുകൾ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും, സി.ആർ.പി.എസോ ആർ.എഫ്.എസോ ഇത് ഉപയോഗിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സമരാവേശം നിയന്ത്രിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ പ്രക്ഷോഭകാരികളെ ആക്രമിച്ചതും, ഒരു ഉദ്യോഗസ്ഥൻ ഓടിയെത്തിയ വിദ്യാർഥിയെ കാൽവെച്ച് വീഴ്ത്തിയതുമായ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
പ്രക്ഷോഭ സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിച്ച വനിതാ ഉദ്യോഗസ്ഥയുടെ നടപടി അസ്വീകാര്യമാണെന്ന് കണ്ട്, സമരമുഖത്ത് വിന്യസിച്ചിരിക്കുന്ന കമാൻഡർമാരോട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സി.ആർ.പി.എഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ആർ.എഫ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌റാവത്ത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങളും പരിശോധനയിലാണ്.
അർദ്ധസൈനിക വിഭാഗത്തിന്റെ 2023 ലെ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നാണ് ഇതിലൂടെ അന്വേഷിക്കുന്നത്. വിവാദ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്ന് സേനാംഗങ്ങളെ കർശനമായി വിലക്കുന്നതാണ് ഈ ചട്ടങ്ങൾ. സേനയുടെ നിയമപരമായ നടപടിക്രമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകൂ എന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.