ലഖ്നോ: ശിവന്റെ അവതാരമാണെന്ന പേരിൽ പാമ്പുമായി സാഹസിക പ്രകടനം നടത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. വിഷപ്പാമ്പിനെ താലോലിച്ചും കഴുത്തിലണിഞ്ഞും വട്ടം കറക്കിയും വിഡിയോ ചിത്രീകരിക്കുന്നതിനിടെ രോഹിത് ജയ്സ്വാൾ (22) എന്ന യുവാവാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ അഹിറോളി ഗ്രാമവാസിയാണ് ജയ്സ്വാൾ. മദ്യപിച്ച ശേഷം ഇയാൾ പാമ്പുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ശിവന്റെ അവതാരമായ മഹാകാൽ ആയി അഭിനയിച്ച ജയ്സ്വാൾ, തന്നെ കടിക്കാൻ പാമ്പിനെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പാമ്പിനെ പിടിച്ചുകൊണ്ടുതന്നെ സിഗററ്റിന് തീകൊളുത്തി വലിക്കുന്നുമുണ്ട്. 4 മിനിറ്റും 38 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ പാമ്പിനെ അടിക്കുന്നതും കാണാം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതെന്ന് ഖുഖുണ്ടു പൊലീസ് ഓഫിസർ സന്തോഷ് കുമാർ സിങ് പറഞ്ഞു.
സിലിഗുരിയിലാണ് ജയ്സ്വാളിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. അഞ്ച് സഹോദരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.