'2029ൽ വിജയ് പ്രധാനമന്ത്രി'; മോദിയുടെ പ്രസംഗത്തിനിടെ ചെന്നൈയിൽ പ്ലക്കാർഡുമായി അണികൾ

ചെന്നൈ: തമിഴ്നാട്ടിലെ ഐ.ഐ.ടി ക്യാമ്പസിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെയുണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അനുയായികൾ പരിപാടിക്കിടെ ഉയർത്തിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും സദസ്സിൽ അപ്രതീക്ഷിത കോലാഹലങ്ങൾക്ക് കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ചടങ്ങ്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രസംഗത്തിനിടയിൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി വിജയ്‌യുടെ പേര് പരാമർശിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ പേര് പ്രധാനമന്ത്രി ഉച്ചരിച്ച ഉടൻ തന്നെ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകരും ആരാധകരും ആർത്തുവിളിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. 'പി.എം. വിജയ് 2029' എന്ന് എഴുതിയ പ്ലക്കാർഡുകളും വിജയ്‌യുടെ ചിത്രങ്ങളും ഇവർ ഉയർത്തിക്കാട്ടുകയായിരുന്നു. അടുത്ത പ്രധാനമന്ത്രിയായി വിജയ് വരണമെന്ന അണികളുടെ ആവശ്യമാണ് അവർ അവതരിപ്പിച്ചത്.

സദസ്സിലുണ്ടായ കോലാഹലങ്ങളെ തുടർന്ന് ഉടനടി ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ജനങ്ങളോട് പ്ലക്കാർഡുകൾ താഴ്ത്താനും ശാന്തരായിരിക്കാനും ആവശ്യപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടർന്ന് ആദ്യമവർ അനുസരിച്ചെങ്കിലും, പിന്നീട് വീണ്ടും പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടുന്നത് തുടർന്നു.

ഈ സന്ദർശന വേളയിൽ ഏകദേശം 13,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി വിജയ്‌യും ചേർന്ന് തുടക്കമിട്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള പൂനമല്ലി-വദപളനി പാത. നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യും പ്രധാനമന്ത്രി മോദിയും ഒരു പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത് ഇതാദ്യമായാണ്. രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ഈ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Tags:    
News Summary - Vijay will be PM Crowds hold placards during Modis speech in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.