ചെന്നൈ: കരൂരിൽ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടി.വി.കെ നേതാവുമായ വിജയ് ക്കും ടി.വി.കെക്കുമെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈകോടതി. രാഷ്ട്രീയ പാർട്ടികളുടെ റോഡ് ഷോ, പൊതുയോഗ പരിപാടികൾക്ക് മാർഗനിർദേശങ്ങൾ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവേ സിംഗിൾ ബെഞ്ച് ജസ്റ്റിസ് എൻ. സെന്തിൽകുമാറാണ് ശക്തമായ ഭാഷയിൽ വിമർശിച്ചത്.
വിജയ് യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവം മനുഷ്യനിർമിത ദുരന്തമാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. സർക്കാറിന് മൗനം പാലിക്കാൻ കഴിയില്ല. വിജയ്യുടെ പ്രചാരണ വാഹനം കണ്ടുകെട്ടേണ്ടതല്ലേ? സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ അനുമതി കാത്തുനിൽക്കുന്നത് എന്തിനാണ്? പരിപാടിയുടെ സംഘാടകരോട് കരുണ കാണിക്കേണ്ടതില്ല. കോടതിക്ക് കണ്ണടച്ച് നോക്കിയിരിക്കാൻ കഴിയില്ല. വിജയ്ക്ക് നേതൃപാടവമില്ല - ജസ്റ്റിസ് സെന്തിൽകുമാർ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ടി.വി.കെയുടെ നടപടിയെ ഹൈകോടതി ശക്തമായി അപലപിച്ചു. അനിയന്ത്രിത കലാപം പോലെയാണ് നടന്നത്. എന്തുതരം പാർട്ടിയാണിത്? സംഭവം നടന്നയുടനെ വിജയ് ഉൾപ്പെടെ എല്ലാ ഭാരവാഹികളും സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ടി.വി.കെ നേതൃത്വത്തെ കോടതി ശക്തമായി അപലപിക്കുന്നു. ദുരന്തമുഖത്തുനിന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തേണ്ടതായിരുന്നു. രക്ഷാപ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഉൾപ്പെട്ടിരുന്നെങ്കിലും ടി.വി.കെ നേതാക്കൾ അപ്രത്യക്ഷരായെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിക്കാൻ ഹൈകോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖകളും പ്രത്യേക സംഘത്തിന് കൈമാറാൻ കരൂർ പൊലീസിന് നിർദേശം നൽകി.
അതിനിടെ ടി.വി.കെ നാമക്കൽ ജില്ല സെക്രട്ടറി സതീഷ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ടി.വി.കെ പ്രവർത്തകർ നാമക്കലിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആക്രമണം നടത്തിയതായും അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായും സതീഷ്കുമാറിനെതിരെ എട്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചെന്നൈ: കരൂരിൽ നടനും ടി.വി.കെ നേതാവുമായ വിജയ് യുടെ പ്രചാരണ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച മുഴുവൻ ഹരജികളും മധുര ഹൈകോടതി ബെഞ്ച് തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലായിരിക്കെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയെ രാഷ്ട്രീയ വേദിയാക്കരുത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ മാത്രമേ ഇത്തരം ആവശ്യം ഉന്നയിക്കാൻ കഴിയൂ. മരിച്ചവരുടെ കുടുംബങ്ങളുടെ അവസ്ഥ ആരെങ്കിലും പരിഗണിച്ചിട്ടുണ്ടോ? ഇരകളുമായി ബന്ധമില്ലാത്ത ഹരജിക്കാരന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറുക, പാർട്ടി പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ രൂപവത്കരിക്കുക, നഷ്ടപരിഹാരം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച ഏഴ് പൊതുതാൽപര്യ ഹരജികൾ ജസ്റ്റിസുമാരായ എം. ദണ്ഡപാണി, എം. ജ്യോതിരാമൻ എന്നിവരടങ്ങിയ മധുര ഹൈകോടതി ബെഞ്ചാണ് പരിഗണിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിന്മേൽ തമിഴ്നാട് സർക്കാറിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.