ചെന്നൈ: രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി അധികാരത്തിലേറിയ നടൻ സി.ജോസഫ് വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടി.വി.കെ) സർക്കാർ രൂപവത്കരിച്ച് ഒരു മാസം തികയുന്നു. ആറു ദശാബ്ദങ്ങൾക്കുശേഷം അധികാരത്തിലേറിയ തമിഴകത്തിലെ ആദ്യ കൂട്ടുകക്ഷി സർക്കാറാണിത്.
വിജയ് സർക്കാറിന്റെ പ്രാരംഭ നടപടികൾ പ്രതീക്ഷകൾ നൽകുന്നതായാണ് പൊതുവായ അഭിപ്രായം. അതേസമയം, പവർകട്ടും കുറ്റകൃത്യങ്ങളും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. എന്നാൽ, തങ്ങൾക്ക് അൽപം സാവകാശം വേണമെന്നാണ് മുഖ്യമന്ത്രി വിജയ് പറയുന്നത്.
മേയ് പത്തിനാണ് വിജയ് സർക്കാർ അധികാരത്തിലേറിയത്. 200 യൂനിറ്റ് വൈദ്യുതി സൗജന്യം, സ്ത്രീ സുരക്ഷക്ക് ‘സിങ്കപെൺ’ പ്രത്യേക ദ്രുതകർമസേന, മയക്കുമരുന്ന് നിർമാർജനം എന്നീ മൂന്ന് ഫയലുകളിലാണ് വിജയ് ആദ്യം ഒപ്പിട്ടത്. പത്തര ലക്ഷം കോടി രൂപ കടത്തിലാണ് ഡി.എം.കെ സർക്കാർ പടിയിറങ്ങിയതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. പദവിയേറ്റ് രണ്ടു ദിവസത്തിനകം 717 മദ്യഷാപ്പുകൾ അടച്ചുപൂട്ടാനും ഉത്തരവിട്ടു.
കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ടും കോട്ടും ധരിച്ച് മിക്ക ദിവസങ്ങളിലും വിജയ് സെക്രട്ടേറിയറ്റിൽ തന്റെ ഓഫിസിലെത്തി വിവിധ വകുപ്പ് മേധാവികളുമായി ചർച്ച നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. ഭരണ പരിചയക്കുറവാണ് വിജയ് സർക്കാർ നേരിടുന്ന പ്രശ്നം. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ധിറുതിപിടിച്ച തീരുമാനങ്ങളെടുക്കാതെ കരുതലോടെയാണ് ഓരോ നടപടികളും കൈക്കൊള്ളുന്നത്.
ഒരു മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തുടർച്ചയായി അരങ്ങേറിയ കൊല, കൊള്ള, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ വിജയ് സർക്കാറിന് തലവേദനയായി.
ചെന്നൈ ഉൾപ്പെടെ വിവിധയിടങ്ങളിൽ മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കവും ജനരോഷത്തിനിടയാക്കി. മാലിന്യ നീക്കവും അവതാളത്തിലായെങ്കിലും ഇതിന് കാരണം ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലുള്ള ഡി.എം.കെയാണെന്ന് ടി.വി.കെ പറയുന്നു.
ചെന്നൈ: വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ബുധനാഴ്ച ഡൽഹിയിലേക്ക് തിരിക്കും. ചെന്നൈയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഡൽഹിക്ക് പോവുക. മൂന്നുദിവസം ഇദ്ദേഹം ഡൽഹിയിലുണ്ടാവും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കോൺഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുൽഗാന്ധി എന്നിവരെയും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.