സുഖ്‌ബീർ ബാദൽ, നരേന്ദ്രമോദി
ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ. ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുനേതാക്കളും തമ്മിൽ നടന്ന ഈ കൂടിക്കാഴ്ചയോടെ ബി.ജെ.പി - അകാലിദൾ സഖ്യം പുനഃസ്ഥാപിക്കപ്പെടുമെന്ന ചർച്ചകൾ ദേശീയ തലത്തിൽ വീണ്ടും സജീവമായിരിക്കുകയാണ്.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ തുടർന്ന് 2020-ലാണ് അകാലിദൾ എൻ.ഡി.എ മുന്നണി വിട്ടത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സഖ്യം പിരിഞ്ഞതിന് ശേഷം ഇരുപാർട്ടികളും തനിച്ച് മത്സരിക്കാൻ നീക്കങ്ങൾ നടത്തുകയായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും നേരിടാൻ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് ഇരുവിഭാഗവും സഖ്യ ചർച്ചകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
കൂടിക്കാഴ്ചയുടെ പൂർണ്ണമായ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പഞ്ചാബിലെ ക്രമസമാധാന നില, വികസന വിഷയങ്ങൾ, കൂടാതെ മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. സഖ്യ രൂപീകരണത്തിൽ അന്തിമ തീരുമാനത്തിലെത്തിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയായി ഇരുപാർട്ടികളും ഒന്നിച്ചു മത്സരിക്കും.
ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) ഏറ്റവും പഴയ പങ്കാളികളിലൊന്നായ ശിരോമണി അകാലിദൾ സഖ്യം ഉപേക്ഷിച്ചത്. കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റക്ക് മത്സരിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 117 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ, അകാലിദളിന് വെറും മൂന്നും ബി.ജെ.പിക്ക് രണ്ടും സീറ്റുകൾ മാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.