ബംഗളൂരു: കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരണമത്തിനെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നിയമനിർമാണ കൗൺസിൽ അംഗം എൻ. രവികുമാറിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈകോടതി.
പ്രതിഷേധത്തിനിടെ രവികുമാർ ഫൗസിയയെ “പാകിസ്താനിൽനിന്ന് വരുന്നവർ” എന്ന് വിശേഷിപ്പിച്ചിരുന്നു. ഫൗസിയ കർണാടകയിലെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ അവരെ ലക്ഷ്യമിടാൻ പാടില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.
ഒരു മുസ്ലീമായതുകൊണ്ട് മാത്രം അവർ 'പാകിസ്താനിൽ' നിന്നുള്ളവരാണെന്ന രീതിയിൽ നടത്തിയ പരാമർശം തനിക്ക് പൊറുക്കാനാകില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടുന്ന കേസുകൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ തനിക്കെതിരെ നിലവിലുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് നാഗപ്രസന്നയുടെ വിമർശനം.
2025 മെയ് മാസത്തിൽ ബി.ജെ.പി നേതാവും കർണാടക നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവുമായ ചലവാദി നാരായണസ്വാമിയെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കലബുറഗിയിൽ നടന്ന പ്രതിഷേധ റാലിയിലാണ് രവികുമാറിന്‍റെ വിവാദ പരാമർശം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുടെ അടിമകളാണ് എന്ന് മാത്രമാണ് തന്‍റെ കക്ഷി പരാമർശിച്ചതെന്ന് രവികുമാറിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ദേശീയ പതാകയേന്തി പ്രകടനം നടത്താൻ കലബുറഗി ഭരണകൂടം പ്രതിഷേധക്കാർക്ക് അനുവാദം നൽകിയിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും അവരുടെ പരസ്യ പ്രസ്താവനകളിൽ സംയമനം പാലിക്കണമെന്ന് കോടതി പറഞ്ഞു.
“നിങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. യാത്രകൾ നടത്താം. പക്ഷേ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ല” -ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. സംഭവത്തിനുശേഷം രവികുമാർ അയച്ച ക്ഷമാപണത്തിന് ഈ പരാമർശം മൂലമുണ്ടായ അപമാനം ഇല്ലാതാക്കാൻ കഴിയുമോയെന്നും ജഡ്ജി ചോദിച്ചു.
രാഷ്ട്രീയ വൈരത്തിന്റേയും ചെളിവാരിയെറിയലിന്റെയും സംസ്‌കാരം ഉടൻ അവസാനിപ്പിക്കണമെന്ന് ഹൈകോടതി രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. ജനക്ഷേമത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടതെന്നും അനാവശ്യമായ പ്രസ്താവനകൾ ജനങ്ങൾക്ക് താൽപര്യമില്ലാത്ത കാര്യമാണെന്നും കോടതി ഓർമിപ്പിച്ചു. ഉദ്യോഗസ്ഥയോട് മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി. ഇത്തരം ഗുരുതരമായ പരാമർശങ്ങൾ കാരണം ഉണ്ടായ ആഘാതവും കേടുപാടുകളും മാപ്പപേക്ഷകൊണ്ട് ഇല്ലാതാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും കോടതി ആവർത്തിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 196(1)(എ), 196(1)(ബി), 353(2) വകുപ്പുകൾ പ്രകാരം കലബുറഗി സ്വദേശി നൽകിയ പരാതിയിലാണ് രവികുമാറിനെതിരെ കേസെടുത്തത്. അതേസമയം, പ്രതിഷേധക്കാർ ദേശീയപതാകയുമായി പ്രകടനം നടത്തുന്നത് ജില്ലാ ഭരണകൂടം തടഞ്ഞിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കുമെന്നും എന്നാൽ ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം മോശം പരാമർശങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. കേസ് ആഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും. അന്ന് പ്രതിഷേധക്കാരുടെ നിവേദനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.